കേരളത്തെ അവഗണിച്ചെന്ന് പ്രതിപക്ഷ എം.പിമാർ

Monday 02 February 2026 2:37 AM IST

ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് അടക്കം പദ്ധതികൾ അനുവദിക്കാതെ സംസ്ഥാനത്തെ പൂർണമായി കേന്ദ്രസർക്കാർ അവഗണിച്ചെന്ന് പ്രതിപക്ഷ എം.പിമാർ. ബഡ്‌ജറ്റിന്റെ ഏറ്റവും വലിയ ഇര കേരളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പട്ടിക വിഭാഗങ്ങൾക്ക് ജനസംഖ്യാ അനുപാതം അനുസരിച്ചുള്ള വിഹിതം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറായില്ല. ബഡ്‌ജറ്റ് മല എലിയെ പ്രസവിച്ചതു പോലെയെന്ന് കെ.സി. വേണുഗോപാൽ എം.പി പ്രതികരിച്ചു. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രചാരണം. നിരാശാജനകമായ ബഡ്‌ജറ്റാണ്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പദവി രാജിവച്ച് കേരളത്തോടൊപ്പം നിൽക്കണമെന്ന് ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു. കേന്ദ്രത്തിന് കേരളത്തോട് രാഷ്ട്രീയ വിവേചനമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. സാധാരണയായി തിരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കു വാരിക്കോരി നൽകുന്ന പ്രഖ്യാപനങ്ങൾ ഇത്തവണത്തെയുണ്ടായില്ലെന്ന് ആന്റോ ആന്റണി എം.പി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കു നേരെ ചിറ്റമ്മനയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എം.കെ രാഘവൻ എം.പി കുറ്റപ്പെടുത്തി. ബഡ്‌ജറ്റ് വെറും 'സീറോ' ആണെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.

ആമയും തേങ്ങയും മാത്രം:

ജോൺ ബ്രിട്ടാസ്

കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോൺ ബ്രിട്ടാസ് എം.പി പരിഹസിച്ചു. യാഥാർത്ഥ്യബോധമില്ലാത്ത ബഡ്‌ജറ്റെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തൊഴിലില്ലായ്മ,ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരനിർദ്ദേശമില്ല. ധാതുഖനന കോറിഡോർ സ്ഥാപിക്കുമ്പോൾ ഖനനവും വേർതിരിക്കലും പൂർണമായും പൊതുമേഖലയിൽ നിലനിൽക്കുന്നതാണെങ്കിൽ സ്വാഗതാർഹമാണ്. സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള ഏതു നീക്കവും പ്രതിഷേധാർഹമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.