നിർമ്മാണം നടക്കുന്നതേയുള്ളൂ , ഉദ്ഘാടനത്തിന് മുമ്പേ ജനങ്ങൾ ഒഴുകിയെത്തുന്നു, കേരളത്തിലെ ഈ പാലമാണ് ഇപ്പോൾ താരം
കൊടുങ്ങല്ലൂർ : നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗം നിർമ്മാണം നടക്കുന്ന അഴീക്കോട് മുനമ്പം പാലം റീൽസിലും ഷോർട്സിലും നിറയുന്നു. കേരളത്തിൽ ആദ്യമായാണ് പാലം നിർമ്മാണത്തിൽ സെഗ്മന്റൽ ബോക്‌സ് ഗർഡർ ലോഞ്ചിംഗ് ഉപയോഗിക്കുന്നത്. അഴിമുഖത്തിന്റെ വശ്യതയും കൂടി ചേരുന്നതോടെ റീൽസും ഷോർട്സും എടുക്കാൻ എത്തുന്ന വ്ളോഗർമാരുടെ തിരക്കാണ്.
പാലം ഈ വർഷം തന്നെ തുറന്നു കൊടുക്കാനാകും വിധം വേഗത്തിലാണ് നിർമ്മാണം. പാലം യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം - തൃശൂർ ജില്ലകളിലെ തീരദേശ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കും. വടക്കുള്ള തീരദേശ ജില്ലകളിൽ നിന്ന് എളുപ്പത്തിൽ കൊച്ചിയിലെത്താം. ഇരു ജില്ലകളിലെയും മത്സ്യമേഖലയ്ക്ക് വലിയ ഉണർവാകും. പതിനഞ്ച് കിലോമീറ്റർ ദൂരം ചുറ്റി വേണം ഇപ്പോൾ അഴീക്കോടുള്ള വാഹനങ്ങൾക്ക് മുനമ്പത്തെത്താൻ. പാലം തുറക്കുന്നതോടെ അതിവേഗമെത്താം.
വിനോദസഞ്ചാരത്തിനും മുതൽക്കൂട്ട്
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് കടന്നുവരാമെന്നുള്ളതിനാൽ വിനോദ സഞ്ചാര മേഖലയ്ക്കും മുതൽക്കൂട്ടാകും. അറബിക്കടലിലെ സൂര്യാസ്തമയം കാണാൻ കഴിയുംവിധമാണ് രൂപകൽപ്പന. പുഴകളിൽ ഉയർത്തിയിട്ടുള്ള തൂണുകളിൽ 50 മീറ്റർ നീളമുള്ള സ്പാനുകൾ കൊണ്ടുവന്ന് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഘടിപ്പിക്കുന്ന അത്ഭുതക്കാഴ്ച വിസ്മയമാണ്. സെഗ് മെന്റൽ കാസ്റ്റിംഗിന് വേണ്ട മോൾഡ് (മാതൃക) ഗുജറാത്തിൽ നിന്നും കപ്പൽ മാർഗമാണ് എത്തിക്കുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമ്മാണച്ചുമതല. അപ്രോച്ച് റോഡ് ഉൾപ്പെടെ 1,123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.