ടി.കെ ഇബ്രാഹിം കുട്ടി അന്തരിച്ചു
തിരുവനന്തപുരം : മുൻ ഇന്ത്യൻ വാഴ്സിറ്റീസ് ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിച്ചു.കബറടക്കം ഇന്ന് രാവിലെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.
കാസർകോട് തൃക്കരിപ്പൂർ കൈക്കോട്ടുകടവിൽ മുണ്ടകുണ്ടിൽതൈവളപ്പിൽ അബ്ദുള്ളയുടെയും കുഞ്ഞായിഷയുടെ മകനായി ജനിച്ച ഇബ്രാഹിംകുട്ടി ബസേലിയസ് കോളേജിൽ ഡിഗ്രി പഠനത്തിനാണ് കോട്ടയത്തെത്തിയത്. എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ആയിരുന്നു.
1969- 70ൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് വേ ണിയും കളിച്ചു.70-71 ൽ കേരളയിലെ മികച്ച കളിക്കാരനായി.69 ൽ ഫാക്ടിനും 71-75 ൽ കെ.എസ്.ഇ.ബിക്കും കളിച്ചു.76 ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകനായിരുന്നു. കോട്ടയം ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റ്, ത്രോബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്,സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: വി കെ റംല. മക്കൾ: മുഹമ്മദ് സലിം, സജ്‌ന, ശബ്‌ന. മരുമക്കൾ: ആമിന, അനീസ് പറമ്പിൽ, നയീം.