അൽക്കാരസ് അത്‌ഭുതം

Monday 02 February 2026 12:08 PM IST

മെൽബൺ: 25-ാംഗ്രാൻസ്ലാം കരീടം സ്വ‌പ്നംകണ്ടെത്തിയ സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചിനെ വീഴ്‌ത്തി,​ സ്‌പെയിനിന്റെ ലോക ഒന്നാംനമ്പർ താരം കാർലോസ് അൽക്കാരസ് കരിയറിലെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു. കായികലോകം ആകാംഷയോടെ ഉറ്റുനോക്കിയ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടമാക്കിയഷേമാണ് തുടരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കി അൽക്കാരസ് ചരിത്ര ജയം നേടിയത്. സ്കോർ: 2-6,​6-2,​6-3,​7-5. ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടത്തോടെ കരിയസ്ലാം (എല്ലാ ഗ്രാൻസ്ലാം കിരീടങ്ങളും സ്വന്തമാക്കുക)​ സ്വന്തമക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും 22കാരനായ അൽക്കാരസ് സ്വന്തമാക്കി. പ്രായം നമിച്ച പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന 38കാരനായ ജോക്കോവിച്ചിനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അൽക്കാരസ് ജയിച്ചു കയറിയത്.

7-അൽക്കാരസിന്റെ ഏഴാം ഗ്രാൻസ്ലാം കിരീട നേട്ടവും കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവുമാണ് ഇന്നലെ നേടിയത്.ഫ്രഞ്ച് ഓപ്പൺ (2024,25), വിംബിൾഡൺ (2023,24), യു.എസ് ഓപ്പൺ (2022,25) എന്നീ ഗ്രാൻസ്ലാം കിരീടങ്ങൾ താരം രണ്ട് തവണ വീതം നേടിയിട്ടുണ്ട്.