കേസ് ഒത്തുതീർപ്പാക്കാൻ പണം തട്ടി: ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്
കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടിയെന്ന പരാതിയിൽ കോതമംഗലത്തെ രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാങ്ങോട്, മണ്ഡലം ഭാരവാഹി ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് നടപടി. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ചേലാട് ആറ്റുപുറം ജോർജ് ബി.ജെ.പി മണ്ഡലം ഓഫീസ് പടിക്കൽ പെട്രോളുമായി ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. മകനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ നേതാക്കളെ സമീപിച്ച ജോർജ്, അവർ ആവശ്യപ്പെട്ടതനുസരിച്ച് പലപ്പോഴായി 10.5 ലക്ഷം രൂപ കൈമാറി. ഒരു പൊലീസുകാരനും ഇടപാടിൽ പങ്കാളിയാണെന്ന് ജോർജ് ആരോപിച്ചു. പണം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അഭിഭാഷകൻ മുഖേന ജോർജ് തന്നെയാണ് കേസ് ഒത്തുതീർപ്പാക്കിയത്.
അഭിഭാഷകൻ വഴി കേസ് ഒത്തുതീർപ്പാക്കിയതോെ പണം തിരികെ ചോദിച്ചെങ്കിലും നേതാക്കൾ നിരാകരിക്കുകയായിരുന്നു. മറ്റ് നേതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണ് സമരം നടത്തിയത്
ആറ്റുപുറം ജോർജ്
ജോർജിനൊപ്പം ഭാര്യയും ന്യൂനപക്ഷമോർച്ച മുൻ ഭാരവാഹിയായ സഹോദരൻ എൽദോസും സമരത്തിൽ പങ്കെടുത്തു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മൂവരേയും അനുനയിപ്പിച്ചു നീക്കി. സ്റ്റേഷനിൽ വിളിച്ചുവരുത്തി ജോർജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നേതാക്കൾക്കെതിരെ കേസെടുത്തത്.
ടി.എസ്.സുനീഷിനെ ബി.ജെ.പി പുറത്താക്കി
കോതമംഗലം: ഓൺലൈൻ തട്ടിപ്പുകേസിൽ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പി മണ്ഡലം സെക്രട്ടറി ടി.എസ്.സുനീഷിനെ പാർട്ടി നേതൃത്വം രാജിവയ്പ്പിച്ചു. മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ രാജിക്കത്ത് വാങ്ങിയതായി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അറിയിച്ചു. പണമിടപാടുകളും വ്യാജരേഖ ചമയ്ക്കലും നടന്നതായി പാർട്ടി പരിശോധനയിൽ കണ്ടെത്തിയതിനാലാണ് നടപടി. സംഭവത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പി.പി.സജീവ് ആവശ്യപ്പെട്ടു. പാർട്ടിയുടെ നിർദ്ദേശപ്രകാരം പരാതിക്കാരൻ പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സമരം പാർട്ടിയെ മോശമാക്കാൻ ദേശവിരുദ്ധ ശക്തികളും ചില രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തിയ പൊറാട്ട് നാടകമാണെന്ന് നേതൃത്വം ആരോപിച്ചു.