ഇന്ത്യ - പാകിസ്ഥാന്‍ മത്സരം മുടങ്ങിയാല്‍ നഷ്ടം 4500 കോടി; ആരെയൊക്കെ ബാധിക്കും?

Monday 02 February 2026 6:44 PM IST

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണിപ്പോള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ ഹസ്തദാനം പോലും ചെയ്യാത്ത സ്ഥിതിയാണിപ്പോള്‍. വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക് സര്‍ക്കാരിന്റെ തീരുമാനം വന്നത്.

ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരുന്നത്. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാതിരിക്കുന്നതിന് കാരണക്കാര്‍ ഇന്ത്യയാണെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നത്. എന്നാല്‍ ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ ടീം കളിക്കും. പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിച്ചാല്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. എന്നാല്‍ ഈ മത്സരം നടക്കാതിരുന്നാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ചെറുതല്ല.

ചിരവൈരികളുടെ പോരാട്ടം ക്രിക്കറ്റിലെ ഏറ്റവും വലിയ ബിസിനസ് കൂടിയാണ്. ഇരു രാജ്യങ്ങളിലുള്ളവര്‍ക്കും ഇത് വെറുമൊരു മത്സരം മാത്രമല്ല മറിച്ച് അതിവൈകാരികമായ ഒരു പോരാട്ടം കൂടിയാണ്. ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഏകദേശം 500 ദശലക്ഷം ഡോളറിന്റേതാണ്. അതായത് ഏകദേശം 4500 കോടി ഇന്ത്യന്‍ രൂപ. ലോകത്തെ ഏത് ടൂര്‍ണമെന്റിലെയും മത്സരങ്ങളേക്കാള്‍ പതിന്മടങ്ങ് വരുമാനമാണ് ഓരോ ഇന്ത്യ-പാക് മത്സരത്തിലൂടെയും സമ്പാദിക്കാന്‍ സാധിക്കുന്നത്.

സംപ്രേഷണ അവകാശങ്ങള്‍, പരസ്യ വരുമാനം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമപരമായ വാതുവെപ്പ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുക. അതിനാല്‍ തന്നെ ഇന്ത്യ-പാക് മത്സരമില്ലാത്ത ഒരു ഐസിസി ടൂര്‍ണമെന്റ് ഐസിസിക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ചിന്തിക്കാനാകില്ല. വലിയ സാമ്പത്തിക നഷ്ടമായിരിക്കും മത്സരം നടന്നില്ലെങ്കില്‍ ഉണ്ടാകുക. പരസ്യ വരുമാനത്തില്‍ മാത്രം 300 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.