നടുറോഡിൽ വലഞ്ഞ ഡ്രൈവർക്ക് തുണയായി പൊലീസുകാരൻ
പെരുമ്പാവൂർ: നട്ടുച്ചവെയിലിൽ ലോറി ടയർ പഞ്ചറായി നടുറോഡിൽ പകച്ചുനിന്ന ഡ്രൈവർക്ക് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിയോ പി.വർഗീസ് തുണയായി. അങ്കമാലി കറുകുറ്റിയിൽനിന്ന് വെങ്ങോലയിലേക്ക് കടലപ്പിണ്ണാക്കുമായി പോയ റെജിയുടെ ഐഷർ ലോറി പെരുമ്പാവൂർ നഗരസഭയ്ക്ക് സമീപം ടയർ പഞ്ചറായി കുടുങ്ങുകയായിരുന്നു. സഹായിയില്ലാതെ പൊള്ളുന്ന വെയിലിൽ ടയർ മാറ്റാൻ പാടുപെട്ട റെജിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിയോ പി. വർഗീസ് സഹായിക്കുകയായിരുന്നു.
സമീപത്തെ എക്സൈസ് ഓഫീസിന് മുമ്പിൽ ഡ്യൂട്ടിയിലായിരുന്ന ജിയോ പി. വർഗീസ് ഡ്രൈവറുടെ അവസ്ഥ കണ്ടറിഞ്ഞാണ് സഹായഹസ്തവുമായി എത്തിയത്
ചുട്ടുപൊള്ളുന്ന ടാറിലിരുന്ന് ഡ്രൈവർക്കൊപ്പം ടയർ അഴിച്ചുമാറ്റാനും സ്റ്റെപ്പിനി ടയർ ഉറപ്പിച്ച് ബോൾട്ടുകൾ മുറുക്കാനും അദ്ദേഹം കൈകോർത്തു. വിയർത്തൊലിച്ച് നിൽക്കുമ്പോഴും സഹായം ചെയ്യാനായതിന്റെ സംതൃപ്തിയായിരുന്നു ജിയോയുടെ മുഖത്ത്.
"ഈ വെയിലത്ത് ഒറ്റയ്ക്ക് എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് സാർ വന്നതെന്നും വലിയൊരു സഹായമായിരുന്നു അതെന്നും ഡ്രൈവർ റെജി നന്ദിയോടെ പറഞ്ഞു. ക്രമസമാധാന പാലനം മാത്രമല്ല, ആപത്തിൽപ്പെട്ടവർക്ക് അത്താണിയാകുക കൂടിയാണ് പൊലീസിന്റെ ധർമ്മമെന്ന് ജിയോ പി.വർഗീസ് ഈ പ്രവൃത്തിയിലൂടെ തെളിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ മനുഷ്യത്വപരമായ പ്രവൃത്തിക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.