പാലക്കാട് മെഡിക്കൽ കോളേജിൽ മോർച്ചറി ഉടൻ പൂർത്തിയാകും
- 90 ശതമാനം പ്രവൃത്തികളും കഴിഞ്ഞു
- 14 മൃതദേഹങ്ങൾവരെ സൂക്ഷിക്കാൻ സൗകര്യമുള്ള മോർച്ചറി
- ഇതിൽ ആറ് ഫ്രീസറുകൾ ലഭ്യമാക്കാനുള്ള നടപടി തുടങ്ങി
- നിർമ്മാണ ചെലവ് 2.9 കോടി രൂപ
- 4,000 സ്‌ക്വയർ ഫീറ്റിലായി ഒരുനില കെട്ടിടം
പാലക്കാട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറി കെട്ടിട നിർമ്മാണം ഈ മാസം പൂർത്തിയാകും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് പിന്നിൽ 4,000 ചതുരശ്ര അടിയിലായി ഒരുനില കെട്ടിടത്തിന്റെ നിർമ്മാണമാണ് പൂർത്തിയാകുന്നത്. ഇതിന്റെ 90 ശതമാനം പ്രവൃത്തികളും കഴിഞ്ഞു. വൈദ്യുതീകരണം, ഫ്‌ളോറിംഗ് തുടങ്ങിയ പണികൾ മാത്രമാണ് ബാക്കി. പോസ്റ്റുമോർട്ടം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതി വേണം. കെട്ടിട നിർമ്മാണം പൂർത്തിയായാൽ ഉടൻ ഇതിനുള്ള നീക്കം തുടങ്ങും. 14 മൃതദേഹങ്ങൾവരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ് മോർച്ചറി. ഇതിൽ ആറ് ഫ്രീസറുകൾ ലഭ്യമാക്കാനുള്ള നടപടി തുടങ്ങി. മെഡിക്കൽ കോളേജിൽ മോർച്ചറി യാഥാർത്ഥ്യമാകുന്നത് ജില്ലയ്ക്ക് ഏറെ ഉപകാരപ്പെടും. നിലവിൽ ഒറ്റപ്പാലം, പട്ടാമ്പി, അഗളി താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും മോർച്ചറികളുണ്ട്. എങ്കിലും ചില ഘട്ടങ്ങളിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. മെഡിക്കൽ കോളേജിൽ മോർച്ചറി യാഥാർത്ഥ്യമായാൽ കൂടുതൽ സൗകര്യവും ഡോക്ടർമാരുടെ സേവനവും ലഭ്യമാകും.
നിർമ്മാണം തുടങ്ങിയിട്ട് രണ്ട് വർഷം
രണ്ടുവർഷം മുമ്പാണ് പാലക്കാട് മെഡിക്കൽ കോളേജിൽ മോർച്ചറി നിർമ്മാണം തുടങ്ങിയത്. 2.9 കോടി രൂപ ചെലവിലാണ് നിർമ്മാണം. കാമ്പസിനുള്ളിൽ റോഡുകൾ, ഒ.പി, അത്യാഹിത വിഭാഗം, ഐ.പി, അത്യാധുനിക ഐ.സി.യു, ഓപ്പറേഷൻ തിയറ്റർ, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്സ്, പൾമണോളജി തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ടായിരത്തോളം കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവഴിച്ചത്. 153 അദ്ധ്യാപകരെയും ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്.