ഓട്ടോയിൽ നിന്നിറങ്ങി ഓടി, സ്വകാര്യ ബസ് സഡൻ ബ്രേക്കിട്ടു; 3 വയസുകാരിക്ക് അത്ഭുത രക്ഷപ്പെടൽ
കൊടിയത്തൂർ (കോഴിക്കോട്): ഓട്ടോറിക്ഷയിൽ നിന്നിറങ്ങി റോഡിലേക്ക് ഓടിയ മൂന്നു വയസുകാരി അതിവേഗത്തിൽ വന്ന സ്വകാര്യ ബസിനടിയിൽ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോടു നിന്ന് മാവൂർ വഴി കൊടിയത്തൂരിലേക്ക് പോയ 'തയ്യിൽ' എന്ന ബസിന്റെ ഡ്രൈവർ അരീക്കോട് ചൂളാട്ടി സ്വദേശി ഷിനോജിന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്.
കുട്ടിയെ കണ്ടതും ഡ്രൈവർ ബസ് വലതുവശത്തേക്ക് അല്പംമാറ്റി സഡൻ ബ്രേക്കിട്ട് നിറുത്തുകയായിരുന്നു. ബസിന്റെ പിൻഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് നിറുത്തിയതും കുട്ടി തിരികെ ഓട്ടോയുടെ ഭാഗത്തേക്ക് ഓടിപ്പോയി. കൊടിയത്തൂരിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.40ന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തെത്തുടർന്ന് ബസ് മുന്നോട്ടെടുക്കാൻ പോലും പറ്റാത്തവിധം സ്തബ്ധനായിപ്പോയ ഷിനോജ്, പകരം ഡ്രൈവറെ ഏർപ്പാടു ചെയ്താണ് തുടർന്നുള്ള സർവീസ് നടത്തിയത്. രണ്ടു ദിവസമെടുത്താണ് സംഭവത്തിന്റെ മാനസിക പിരിമുറുക്കത്തിൽനിന്ന് താൻ പൂർണമായും മുക്തനായതെന്നും വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും ഷിനോജ് പറഞ്ഞു. ചുള്ളിക്കാപ്പറമ്പിൽ താമസിക്കുന്ന അന്യസംസ്ഥാന ദമ്പതികളുടെ മകളാണ് മൂന്നു വയസുകാരി.
മാതാപിതാക്കൾക്കൊപ്പം ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു കുട്ടി. മാതാവ് റോഡ് മുറിച്ച് കടന്ന് അപ്പുറത്തെത്തി. പിതാവ് ഓട്ടോക്കാരന് പണം നൽകുന്നതിനിടെ കുട്ടി അമ്മയുടെ അരികിലേക്ക് റോഡ് മുറിച്ചു കടന്ന് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് അതേ ഭാഗത്തുനിന്ന് ബസ് എത്തിയത്. ദൃശ്യം പുറത്തുവന്നതോടെ ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമാണ്.
''സാധാരണ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാൽ ബസ് കൃത്യസ്ഥലത്ത് നിൽക്കാറില്ല. ഇവിടെ ദൈവത്തിന്റെ ഇടപെടലാണ് നടന്നത്
-ഷിനോജ്,
ബസ് ഡ്രൈവർ