പൊന്നാണ് തോട്ടപ്പയർ

Tuesday 03 February 2026 1:30 AM IST

കോലഞ്ചേരി: റബർമരത്തി​ന്റെ പോഷണത്തി​നായി​ വളർത്തുന്ന തോട്ടപ്പയർ കർഷകന് പൊന്നായി മാറുന്നു. റബർ വില കുത്തനെ ഇടിഞ്ഞ് നടുവൊടിയുമ്പോൾ മരത്തി​നല്ലാതെ ആർക്കും ഗുണമി​ല്ലാതെ കാടുപി​ടി​ക്കുന്ന തോട്ടപ്പയറിന്റെ വിത്തി​ന് കിലോ 1200 രൂപ വരെയുണ്ട് വില. ബീൻസിന്റെ രൂപത്തിലെ വി​ത്തുകായ ഉണക്കിയെടുക്കുന്ന പരിപ്പി​ന് മലഞ്ചരക്ക് കടകളിൽ വലി​യ ഡിമാൻഡാണ്. പയറുവി​റ്റ് ദിനം 1500 രൂപ വരെ സമ്പാദിക്കുന്നവരുമുണ്ട്.

ഈരാറ്റുപേട്ടയിലാണ് തോട്ടപ്പയറി​ന്റെ മൊത്തക്കച്ചവടം. പാലക്കാടുള്ള ഏജൻസിക്കാണ് ഇവ കൈമാറുന്നത്.

വിത്തിൽ നിന്ന് മരുന്ന്

മരുന്ന് നിർമ്മാണത്തിനായി രാസഘടകങ്ങൾ വേർതിരിച്ചെടുക്കാനാണ് വിത്ത് ഉപയോഗിക്കുന്നതെന്നാണ് വിവരം. വിത്തുകൾ മലേഷ്യ തുടങ്ങി​യ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഔഷധ നിർമ്മാണത്തിന് വേണ്ടതെന്നല്ലാതെ മറ്റു വി​വരങ്ങളൊന്നും കച്ചവടക്കാർക്കി​ല്ല.

ആർത്തവവിരാമ സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, ത്വക്ക് രോഗങ്ങൾ,കുടൽരോഗം, ഈസ്ട്രജൻ ശോഷണം തുടങ്ങിയ ചികിത്സയ്ക്കുള്ള മരുന്നുകളുടെ പ്രധാനഘടകങ്ങൾ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നുണ്ടെന്നാണ് സൂചന.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിത്തുണ്ടാകുക.

വെയി​ലത്തുണക്കി​ ഒന്ന് അമർത്തിയാൽ വിത്ത് വീഴും. വേനൽമഴ ലഭിക്കുന്നതോടെ വിപണി മങ്ങും.

റബർ തോട്ടങ്ങൾ കുറയുന്നതും പൈനാപ്പിൾ കൃഷി വ്യാപകമാകുന്നതും തോട്ടപ്പയറിന്റെ ലഭ്യത കുറയ്ക്കുന്നുണ്ട്.

റബർ തോട്ടങ്ങളിൽ മണ്ണിൽ നൈട്രജൻ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും വരൾച്ച തടയുന്നതിനുമാണ് തോട്ടപ്പയർ വളർത്തുന്നത്.

പരിചരണം ആവശ്യമില്ല. വേനൽക്കാലത്തിന് മുന്നോടിയായി പുഷ്പിക്കും.

അന്താരാഷ്ട്ര തലത്തിൽ ഏറെ ആവശ്യക്കാരുള്ള തോട്ടപ്പയർ കൃഷി ശ്രദ്ധിച്ചാൽ മികച്ച വരുമാനമാർഗ്ഗമാക്കാം.

ഫൈസൽ

ഈരാറ്റുപേട്ടയിലെ തോട്ടപ്പയർ വ്യാപാരി​