സിംഹത്തിന് ഇവിടെ ഒരു വിലയും ഇല്ലേ? പുലിയെയും കടുവയെയും വനംവകുപ്പ് നെയ്യാറിൽ പതിവായി ഇറക്കുന്നതിനു പിന്നിൽ...
തിരുവനന്തപുരം: നാട്ടുരാജാക്കന്മാരെ അട്ടിമറിച്ച് പട്ടാളവും പൊലീസുമെല്ലാം ഭരണം കൈയാളുന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കാട്ടിലെ രാജാവായ സിംഹത്തെ അട്ടിമറിക്കാൻ ശ്രമം നടന്നാലോ? കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്കായ നെയ്യാർഡാമിൽ നിന്നാണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്. വയനാട് പുൽപള്ളി മാതമംഗലത്ത് നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ പാർക്കിലെത്തിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
സിംഹസഫാരി പാർക്കിലെ കൂട്ടിലാണ് പുലിയെ പാർപ്പിച്ചിരിക്കുന്നത്. സഫാരി പാർക്കിൽ രണ്ട് സിംഹങ്ങൾ മാത്രമാണുള്ളത്. പാർക്കിനുള്ളിലെ കൂട്ടിലൊന്നിൽ വയനാട് നിന്ന് ആറു മാസം മുമ്പെത്തിച്ച കടുവയുമുണ്ട്.കടുവയെ അടച്ചിരിക്കുന്ന കൂടിന് സമീപത്താണ് പുലിയെ പാർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ നാട്ടിലിറങ്ങുന്ന കടുവകളെയും പുലികളെയുമൊക്കെ വനം വകുപ്പ് ഡാമിലെത്തിക്കുന്നത് നെയ്യാർഡാം സിംഹസഫാരി പാർക്ക് തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ആക്ഷേപം. സെൻട്രൽ സൂ അതോറിറ്റിയുടെ മാനദണ്ഡം പൂർണമായി പാലിക്കാത്തതിനാൽ പാർക്കിന്റെ പ്രവർത്തന അനുമതിയും നിറുത്തലാകുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്.