വികസനകാഴ്ചപ്പാടിന് ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:സംസ്ഥാനത്ത് വികസനക്കാഴ്ചപ്പാട് യാഥാർത്ഥമാക്കാൻ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ബഡ്ജറ്റ് കൃത്യമായി വിശകലനം ചെയ്യുന്ന ആർക്കും കേരളത്തിന് ലഭിച്ച നേട്ടങ്ങൾ കാണാൻ സാധിക്കും. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ഗുണകരമാകുന്ന നിരവധി കാര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാനുള്ള ശേഷിയും ആർജ്ജവവും സംസ്ഥാനത്തിനുണ്ടോ എന്നതാണ് ചോദ്യം.കേന്ദ്രം അനുവദിച്ച പദ്ധതികൾ മിക്കതും നടപ്പിലാക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലും കേന്ദ്രത്തിലും ഭരണമുണ്ടാവുകയും കേരളത്തിൽ നിന്ന് എട്ടോളം കേന്ദ്രമന്ത്രിമാരുണ്ടാവുകയും ചെയ്ത സമയത്ത് കോൺഗ്രസ് കേരളത്തിന് ഒന്നും നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞ 10 വർഷം ലക്ഷക്കണക്കിന് കോടി രൂപയുടെ കേന്ദ്ര പദ്ധതികൾ കേരളത്തിലെത്തി എന്നും അദ്ദേഹം പറഞ്ഞു.