അൻവർ ബേപ്പൂരിൽ; ആദ്യം പ്രഖ്യാപിച്ചു, പിന്നെ തിരുത്തി

Tuesday 03 February 2026 12:03 AM IST

കോഴിക്കോട്: ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.വി. അൻവറിനെ പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ചാനലുകളോട് സംസാരിക്കുമ്പോഴാണ് അൻവറാവും ബേപ്പൂരിലെ സ്ഥാനാർത്ഥിയെന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ആദ്യത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് പ്രഖ്യാപിച്ചതോടെ വലിയ വാർത്തയായി. അതോടെ സണ്ണി ജോസഫ് തിരുത്തി. സ്ഥാനാർത്ഥി പ്രഖ്യാപനമൊന്നും താൻ നടത്തിയിട്ടില്ലെന്നും മാദ്ധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

അൻവർ ബേപ്പൂരിൽ പ്രചാരണം തുടങ്ങിയല്ലോയെന്ന് കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അൻവർ നല്ല സ്ഥാനാർത്ഥിയാണെന്ന് താൻ പറഞ്ഞിട്ടുണ്ട്. അല്ലാതെ അൻവറിനെ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നേയുള്ളൂ. അന്തിമതീരുമാനം പാർട്ടിയുടേയും ഹൈക്കമാൻഡിന്റേതുമാണ്. അല്ലാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കെ.പി.സി.സി പ്രസിഡന്റ് അല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, ബേപ്പൂരിൽ ഇത്തവണ പോരാട്ടം കനക്കുമെന്നും സണ്ണി ജോസഫ് സൂചന നൽകി. അതിനിടെ അൻവർ ബേപ്പൂരിൽ പ്രചാരണം തുടങ്ങി.