വിരട്ടാൻ വരല്ലെ, ഓടു പൊളിച്ചുവന്നവരല്ല
കാര്യമെന്തു പറഞ്ഞാലും മന്ത്രി വി. ശിവൻകുട്ടിയുടെ പോരാട്ടവീര്യം അങ്ങനെ ആർക്കും തടയാനാവില്ല. എതിർ ശബ്ദം വന്നാൽ ശിവൻകുട്ടിയുടെ ദേഹത്ത് പഴയ എസ്.എഫ്.ഐ ആവേശം കയറും. ഇന്നലെയും നിയമസഭയിൽ കണ്ടത് ഇതേ ആവേശമാണ്. പയ്യന്നൂരിൽ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.കെ.രമ നൽകിയ ഉപക്ഷേപത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.
പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ മനോഹര മുഖം മറച്ച് ബാനറും പിടിച്ച്, പ്ളക്കാർഡുയർത്തി ബഹളം ഉണ്ടാക്കുമ്പോൾ ശിവൻകുട്ടി ആവർത്തിച്ച് പറഞ്ഞൊരു കാര്യമുണ്ട് , 'ഓട് പൊളിച്ച് ഇറങ്ങി വന്നവരല്ല തങ്ങൾ, വിരട്ടേണ്ട" എന്ന്. മന്ത്രിമാരെയും സ്പീക്കറെയും വെല്ലു വിളിക്കുന്നു എന്ന് പ്രതിപക്ഷത്തെക്കുറിച്ച് ശിവൻകുട്ടി പരാതി പറഞ്ഞപ്പോൾ, സ്കൂൾ കലോത്സവത്തിൽ യോഗ്യത കിട്ടാതെ വന്ന കുട്ടികളുടെ പരിഭവം പറച്ചിൽ പോലെയായോ എന്നൊരു തോന്നലുമുണ്ടായി. പക്ഷെ തൊട്ടു പിന്നാലെ വന്ന കടകംപള്ളി സുരേന്ദ്രൻ മന്ത്രി ശിവൻകുട്ടിക്ക് നൽകിയ കലവറയില്ലാത്ത പിന്തുണ എടുത്തു പറയേണ്ടതാണ്.
'വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ഒന്നും പറയരുതെന്നായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള കടകംപള്ളിയുടെ ഉപദേശം. മാസത്തിൽ 60 പുസ്തകങ്ങൾ വായിക്കുന്ന ആളല്ല ശിവൻകുട്ടി, ബഹുഭാഷാ പണ്ഡിതനുമല്ല, വിജ്ഞാനത്തിന്റെ മറുകര കണ്ട ആളുമല്ല, സാധാരണ രാഷ്ട്രീയ നേതാവാണ്. 'പഴുതാരയും പല്ലിയും പാറ്റയും വീഴാത്ത ഉച്ച ഭക്ഷണം കൊടുക്കാൻ കഴിഞ്ഞ മന്ത്രിയാണ് ശിവൻകുട്ടി എന്നു കൂടി പുകഴ്ത്തിയപ്പോൾ രോമാഞ്ച കഞ്ചുകമണിയാൻ മന്ത്രി ശിവൻകുട്ടി സഭയിൽ ഇല്ലാതെ പോയെന്നു മാത്രം.
'ഇന്നെന്താ ചർച്ചയില്ലെ" മടിയിൽ കനം, സഭയിൽ ഭയം " എന്ന ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. മന്ത്രി ശിവൻകുട്ടിയുടെ വെല്ലുവിളിക്കിടെ, മാസ്ക്കണിഞ്ഞ് കെ.ടി. ജലീൽ, ഗർഭഛിദ്രം നടത്തിയ വീരന്മാർ പോകൂപോകൂ" എന്ന് ഉറക്കെ പറഞ്ഞ് പ്രകോപിപ്പിക്കാനും ശ്രമം നടന്നു. പക്ഷെ അധികം കഴിയും മുമ്പെ പ്രതിപക്ഷാംഗങ്ങൾ ഘോഷയാത്രയായി പതിവ് ബഹിഷ്കരണം നടത്തിയതോടെ അന്യന്റെ പന്തിയിൽ വിളമ്പാൻ അവസരം കിട്ടിയാലെന്നപോലെ ഭരണപക്ഷ അംഗങ്ങൾ തലങ്ങും വിലങ്ങും ദണ്ഡിച്ചു, പ്രതിപക്ഷത്തെ. തെരുവു വിളക്കിനെ സാക്ഷിയാക്കി സുവിശേഷം നടത്തുന്ന വൈദികന്റെ സ്വാതന്ത്ര്യമായിരുന്നു ഭരണപക്ഷത്തിന്.