സമ്മിറ്റ് ഒഫ് ഫ്യൂച്ചർ കൊടിയിറങ്ങി
കൊച്ചി: വിജ്ഞാനവും വിനോദവും കൈകോർത്ത നാലു ദിനരാത്രങ്ങൾക്ക് ശേഷം കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഒഫ് ഫ്യൂച്ചർ രണ്ടാം പതിപ്പ് ഗിന്നസ് റെക്കാഡ് തിളക്കത്തോടെ സമാപിച്ചു. 401 പേർ പങ്കെടുത്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിലേ സ്‌പീച്ചുമായി മേള ലോക റെക്കാഡിട്ടു. ആകാശത്ത് വിസ്മയം തീർത്ത 500 ഡ്രോണുകളുടെ ഷോയും കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്‌പോയും പ്രധാന ആകർഷണങ്ങളായി. സംഗീത പ്രേമികളെ ആവേശത്തിലാക്കി ജൊനിറ്റ ഗാന്ധി, അറിവ്, സെബ ടോമി തുടങ്ങിയവരുടെ മാസ്മരിക പ്രകടനങ്ങളും അരങ്ങേറി. നാനൂറിലധികം പ്രഭാഷകരും ഏഴ് ട്രാക്കുകളിലായി നടന്ന ഇരുന്നൂറിലധികം സെഷനുകളും അൻപതിലേറെ വർക്ക്ഷോപ്പുകളും സമ്മിറ്റിലുണ്ടായിരുന്നു. വ്യവസായ മന്ത്രി പി. രാജീവ്, സ്‌പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കെ.സി വേണുഗോപാൽ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എം.പി തുടങ്ങിയവരും പങ്കെടുത്തു.