ഹൈഡ്രജൻ ബസുമായി ചരിത്രമെഴുതാൻ സിയാൽ

Tuesday 03 February 2026 12:14 AM IST

നെടുമ്പാശേരി: യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ ചരിത്രമെഴുതുന്നു. ഇതിനായി കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും സിയാൽ ഡയറക്ടറും മന്ത്രിയുമായ അഡ്വ. പി. രാജീവും ധാരണാപത്രം കൈമാറി. കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും. ബസുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം 8.7 കോടി രൂപയുടെ ധനസഹായം കേരള എച്ച്.വി.ഐ.സി ഫൗണ്ടേഷൻ നൽകും.

ഒരു വർഷത്തിനകം ബസുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കെ-എച്ച്.വി.ഐ.സി ഫൗണ്ടേഷൻ സി.എം.ഡി ഹർഷിൽ ആർ. മീന, ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.