സി.ജെ.റോയിയുടെ മരണം:നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്തയച്ചു

Tuesday 03 February 2026 1:27 AM IST

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ജുഡിഷ്യൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിടണമെന്നാണ് ആവശ്യം.

അന്വേഷണ കമ്മിഷന്റെ അദ്ധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നും രണ്ട് സാക്ഷികൾ വേണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ല. ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയിട്ടും മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞിട്ടുണ്ട്. ഇത് ഏറെ ഗൗരവം ഉള്ളതാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.