ഇഷ്ടപ്പെട്ട് പഠിച്ചാൽ വിജയം ഉറപ്പ്  ഇത് ദേവനാരായണിന്റെ വിജയമന്ത്രം

Tuesday 03 February 2026 12:26 AM IST

നിശ്ചയ ദാർഢ്യവും കഠിന പരിശ്രമവും കൈമുതലാക്കിയാണ് സംസ്ഥാനത്തിന്റെ സ്വന്തം സിവിൽ സർവീസ് പരീക്ഷയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്‌) സ്ട്രീം ഒന്നിൽ ദേവനാരായൺ ഒന്നാം റാങ്ക് നേടിയത്. പുല്ലയിൽ സരസ്വതി ഭവനിൽ അനിൽകുമാർ- ശാലിനി ദമ്പതികളുടെ മകനാണ് ഈ 26കാരൻ. യൂണിവേഴ്സിറ്റി അസിസ്റ്റന്റായി വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജോലി ചെയ്യുന്നതിനിടെയാണ് ലീവെടുത്ത് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്. അതിനിടെയാണ് കെ.എ. എസിന് അപേക്ഷിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ ഒന്നാംറാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്.

സ്കൂൾകാലം മുതൽ പുലർച്ചെ എഴുന്നേറ്റ് പഠിക്കുന്നതായിരുന്നു രീതി. പിന്നീടത് അർദ്ധരാത്രി മുതൽ പുലരും വരെയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയായിരുന്നു ദേവനാരായണിന്റെ വിജയം. തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടി. തുടർന്ന് ഒരുവർഷം പി.എസ്.സി പരിശീലനത്തിനായി ചെലവഴിച്ചു. 20-ാം റാങ്കോടെയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ പാസായത്. പഞ്ചായത്ത് സെക്രട്ടറി, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ തുടങ്ങി ഏഴോളം പി.എസ്.സി ലിസ്റ്റിലും ഇടം നേടി.

 ടി.വി ചർച്ചകൾ സഹായകമായി

കഠിന പരിശ്രമത്തിലൂടെ മാത്രമേ ലക്ഷ്യത്തിൽ എത്താൻ കഴിയുകയുള്ളൂവെന്നും കാടുകയറി പഠിക്കാതെ പഠിക്കുന്ന വിഷയങ്ങളെ പൂർണമായും ഇഷ്ടപ്പെട്ട് പഠിച്ചാൽ വിജയം ഉറപ്പാണെന്നും ദേവനാരായൺ പറയുന്നു. യു.പി.എസ്.സി പരീക്ഷകൾ ലക്ഷ്യം വച്ചുള്ള പഠനമായതുകൊണ്ട് തന്നെ കഠിന പരിശ്രമത്തിലായിരുന്നു. ടി.വി ചാനലുകളിലെ ഡിബേറ്റുകൾ പതിവായി കാണുന്നത് ഒരു വിഷയത്തിന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കാൻ സഹായിച്ചു. ഓരോ വിഷയത്തെക്കുറിച്ചും പരാമാവധി ഡാറ്റ കളക്ട് ചെയ്ത് എഴുതി പഠിക്കാൻ ശ്രമിച്ചത് വലിയ സഹായമായി- ദേവനാരായൺ പറഞ്ഞു