കോഴിക്കൂട്ടിൽ കയറി തെരുവുനായ്ക്കൾ കോഴികളെ കൊന്നു

Monday 02 February 2026 11:32 PM IST

റാന്നി: കോഴിക്കൂട്ടിൽ കയറിയ തെരുവുനായ്ക്കൾ മൂന്നുകോഴികളെ കടിച്ചുകൊന്നു.

പെരുനാട് മാടമൺ പതാലിൽ കലാഭവനിൽ കലേഷ് കുമാറിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ നായകൾ കയറിയത്. കഴിഞ്ഞ ആഴ്ച കലേഷിന്റെ ഒരു പൂവൻകോഴിയെയും നായ്ക്കൾ കൊന്നിരുന്നു.

പശുവിനെയും കോഴികളെയും വളർത്തിയും കൃഷിപ്പണി ചെയ്തുമാണ് കർഷകനായ കലേഷ് ഉപജീവനം നടത്തുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കലേഷ് അധികൃതർക്ക് പരാതി നൽകി. പെരുനാട് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. വളർത്തുമൃഗങ്ങളെ നായ്ക്കൾ ആക്രമിച്ച സംഭവങ്ങളുണ്ട്. സാധാരണക്കാരായ കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. സ്ത്രീകളെയും കുട്ടികളെയും നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നഷ്ടപരിഹാരം നൽകാനും നടപടിയില്ല.

നാല് വർഷം മുമ്പ് പെരുനാട്ടിൽ അഭിരാമി എന്ന പെൺകുട്ടി പേപ്പട്ടിയുടെ കടിയേറ്റ് മരിച്ചിരുന്നു. അഭിരാമിയുടെ കുടുംബത്തിന് സിരിജഗൻ കമ്മിഷൻ വിധി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരത്തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല.

തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.