പ്രമാടത്ത് റോഡിലെ പൈപ്പ് പൊട്ടി, വെള്ളം പുഴപോലെ
പ്രമാടം : പ്രമാടം സ്കൂൾ ജംഗ്ഷനിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയിട്ട് ദിവസങ്ങൾ. അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെയാണിത്. ഇൻടേക് പമ്പ് ഹൗസിൽ കിണർ വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ രാത്രിയിൽ മാത്രമാണ് പമ്പിംഗ് . ഈ സമയം വൻതോതിലാണ് വെള്ളം പാഴാകുന്നത്. ജംഗ്ഷനിൽ നിന്ന് ഒഴുകുന്ന വെള്ളം മൃഗാശുപത്രിക്ക് മുന്നിലെ ഓടയിലൂടെ സമീപത്തെ പാടത്തേക്കാണ് പോകുന്നത്.
അച്ചൻകോവിലാറ്റിലെ മറൂർ പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കുളപ്പാറ മലയിലെ ടാങ്കിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. പൂങ്കാവ് ഉൾപ്പടെയുള്ള ഭാഗങ്ങളിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. പട്ടികജാതി സങ്കേതങ്ങൾ ഉൾപ്പെടെ പ്രമാടത്തുണ്ട്. നിരവധി കുടുംബങ്ങളാണ് ജല അതോറിറ്റിയുടെ പൈപ്പു വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നത്. നാട്ടുകാർ നിരവധി തവണ ജല അതോറിറ്റിയിലും പഞ്ചായത്തിലും വിവരം അറിയിച്ചെങ്കിലും നടപടിയില്ല. പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്. ഉയർന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും കിണറില്ല. ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ഇവരുടെ ആശ്രയം.
നന്നാക്കുന്നതിനെ ചൊല്ലി തർക്കം
പൈപ്പ് ലൈൻ നന്നാക്കാൻ വൈകുന്നത് വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കം മൂലമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇരു വകുപ്പുകളും യോജിച്ചെങ്കിലേ പണി നടക്കു. പ്രമാടം ജംഗ്ഷനിലെ റോഡിന്റെ ഇറക്കത്തിലാണ് പൈപ്പ് പൊട്ടിയത്. ഇവിടെ നിന്ന് കുത്തിയൊഴുകുന്ന വെള്ളം പൂങ്കാവ് -പ്രമാടം -പത്തനംതിട്ട റോഡിന്റെ തകർച്ചയ്ക്കും കാരണമാകും. റോഡിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗം വിണ്ടുകീറാൻ തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ല. നേരത്തെയും പൊട്ടിയ പൈപ്പുലൈനുകൾ നന്നാക്കാതെ മാസങ്ങളോളം കിടന്നിട്ടുണ്ട്. ഇത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
നാട്ടുകാർ