പൊലീസിനും കോർപ്പറേഷനും മൗനം,​ ഓട്ടോ പാർക്കിംഗ് തോന്നും പോലെ !

Tuesday 03 February 2026 12:32 AM IST
മാ​നാ​ഞ്ചി​റ​ ​ബ​ഷീ​ർ​ ​റോ​ഡി​ലേ​ക്ക് ​നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകൾ

കോഴിക്കോട്: പൊലീസ് കൺവെട്ടത്തിൽ ഓട്ടോക്കാരുടെ നിയമലംഘനം തുടരുന്നു. സിറ്റി ട്രാഫിക് പൊലീസും കോർപ്പറേഷനും അനുവദിച്ച പാർക്കിംഗ് സ്പോട്ടുകൾ ഉണ്ടായിട്ടും തോന്നുന്നിടത്തെല്ലാം സ്റ്റാൻഡുകളാക്കുകയാണ് ഓട്ടോക്കാർ. ബസുകൾ നിർത്തുന്നിടത്തെല്ലാം ഓട്ടോകൾ വരിവരിയായി എത്തി യാത്രക്കാരെ കയറ്റുന്നത് പതിവ് കാഴ്ച. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്താണ് നിയമലംഘനങ്ങൾ ഏറെയും. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് അനുമതിയില്ലാതെ മാനാഞ്ചിറ ബഷീർ റോഡ് ഓട്ടോക്കാർ കെെയടക്കിയിരിക്കുകയാണ്. കാൽനട യാത്ര ദുർഘടമാക്കിയും ഗതാഗതം തടസപ്പെടുത്തിയുമാണ് ഓട്ടോകളുടെ 'വിശ്രമം'. ലെെബ്രറിയ്ക്ക് ചുറ്റും ബഷീർ റോഡ് - ഖാദി പരിസരം വരെ നീളുകയാണ് ഓട്ടോകൾ നിർത്തിയിടൽ. ഈ ഭാഗങ്ങളിൽ തന്നെയാണ് വരിവരിയായി ബെെക്കുകളും പാർക്ക് ചെയ്യുന്നത്. ഓട്ടോകൾ നിറുത്തിയിടുന്നതിനാൽ ബെെക്കുകൾ എടുക്കാൻ ബുദ്ധിമുട്ടുന്നതായി ആരോപണം ഉയർന്നു കഴിഞ്ഞു. ഇടംവലം നോക്കാതെ ഓട്ടോകൾ മുന്നോട്ടെടുക്കുമ്പോൾ നെഞ്ച് പിടയ്ക്കുകയാണെന്ന് കാൽനടയാത്രക്കാർ പറയുന്നു. ഈ ഭാഗത്തെ ഫുട്പാത്തിലും വാഹനങ്ങളാണ്. മാനാഞ്ചിറ റോഡ് നവീകരണത്തിന് മുൻപ് സ്പോർട്സ് കൗൺസിൽ ഹാളിന് മുന്നിൽ ഒരു വരിയായിട്ടായിരുന്നു ഓട്ടോകൾ നിർത്തിയത്.

 പലയിടങ്ങളിൽ തോന്നും പോലെ

മാവൂ‌‌ർ റോഡ് ജംഗ്ഷൻ, സി.എസ്.ഐ പള്ളിയ്ക്കു മുൻവശം, ടൗൺഹാൾ പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം ഓട്ടോകൾ നിറുത്തിയിടുന്നു. ഓട്ടോകളുടെ അനധികൃത പാർക്കിംഗ് മൂലം അപകട സാദ്ധ്യത ഏറുകയാണ്. 5000ത്തിലധികം ഓട്ടോകൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങളില്ലെന്നാണ് ഓട്ടോക്കാരുടെ പരാതി.

@ ഓട്ടോ പാർക്കിംഗ് സ്ഥലങ്ങൾ

1. കെ.എസ്.ആർ.ടി.സി

2.മാനാഞ്ചിറ

3.മുതലക്കുളം

4. പാളയം

5. റെയിൽവേ സ്റ്റേഷൻ

6. കല്ലായി

7. അരയിടത്ത് പാലം

8. ചാലപ്പുറം

9.നടക്കാവ്

'അനുമതിയില്ലാതെയാണ് പലയിടത്തും ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് . പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും'- സുരേഷ് ബാബു, ട്രാഫിക് എ.സി.പി നോർ‌ത്ത്.

'പാർക്കിംഗ് ഞങ്ങൾ നേരിടുന്ന വലിയ പ്രശ്നമാണ്. സ്ഥലമില്ലാത്തതിനാൽ പലയിടത്തും നിർത്തി ഇടേണ്ടി വരുന്നു. ഇതിന് പരിഹാരം കാണണം. കൂടുതൽ സ്ഥലങ്ങൾ പാർക്കിംഗിനായി അനുവദിക്കണം '- സജീവ് കുമാർ, ഓട്ടോ ഡ്രൈവർ.