മഞ്ചേശ്വരത്ത് ഏക മകളെ പിതാവ് വെട്ടിക്കൊന്നു
കാസർകോട്: മഞ്ചേശ്വരം തുമിനാട്ടിൽ പതിനെട്ടുകാരിയായ ഏക മകളെ പിതാവ് അതികൂര്രമായി വെട്ടിക്കൊലപ്പെടുത്തി .കുഞ്ചത്തൂർ തുമിനാട്ടെ മറിയം ജുമൈലയാണ് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ മഞ്ചേശ്വരം പൊലീസ് പിടി കൂടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.കുടുംബ വഴക്കിനിടയിലാണ് കൊലപാതകമെന്ന് പറയുന്നു.
ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം വെട്ടേറ്റിട്ടുണ്ട്.കടയിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.കത്തിയുടെ കവർ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഉമ്മർ ഫാറൂഖിന്റെ ഭാര്യ താഹിറയും മകൾ ജുമൈലയും മാത്രമാണ് കൊലപാതകം നടന്ന വീട്ടിൽ താമസിച്ചിരുന്നത്. മയക്കു മരുന്നിന് അടിമയായതിനാൽ ഉമ്മറുമായി കുറെ നാളുകളായി താഹിറയ്ക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇവർ തമ്മിൽ സ്വത്ത് തർക്കവും സ്വർണ്ണ ഇടപാട് തർക്കവും നിലനിന്നിരുന്നു. അത് ചോദിക്കാനാണ് ഉമ്മർ ഇന്നലെ വൈകുന്നേരം താഹിറയുടെ വീട്ടിലെത്തിയത്. ഇരുവരെയും വക വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് പറയുന്നു. മഞ്ചേശ്വരം ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ്.ഐ രതീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തത്. ജുമൈലയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.