ദേശീയപാത വികസനം മേവറത്തും മൈലക്കാട്ടും ഫ്ലൈ ഓവർ ശുപാർശ
നിർമ്മാണ ചെലവ് കണക്കാക്കിയ ശേഷം നീളം തീരുമാനിക്കും
കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി മേവറത്തും മൈലക്കാട്ട് ഉയരപ്പാത തകർന്നിടത്തും പില്ലറുകളിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ തിരുവനന്തപുരം പ്രൊജക്ട് ഡയറക്ടർ ഓഫീസ്, ദേശീയപാത അതോറിട്ടിക്ക് ശുപാർശ നൽകി. നിർമ്മാണ ചെലവ് കണക്കാക്കിയ ശേഷമാകും നീളം അന്തിമമായി തീരുമാനിക്കുക. കടവൂരിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ നേരത്തെ ശുപാർശ നൽകിയിരുന്നു.
മൈലക്കാട്ട് മണ്ണ് നിറച്ചുള്ള ഉയരപ്പാത തകർന്നതിന് പിന്നാലെ പ്രഖ്യാപിച്ച മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിൽ ആർ.ഇ വാൾ അപ്രോച്ച് റോഡുകൾക്കു പകരം ഫ്ലൈ ഓവറുകൾക്ക് ശുപാർശ നൽകിയത്. കൂടുതൽ ഉയരത്തിൽ മണ്ണ് നിറച്ച ആർ.ഇ വാളുള്ള 400 സ്ഥലങ്ങളിലാണ് കേരളത്തിൽ എൻ.എച്ച്.എ.ഐ മണ്ണ് പരിശോധന പ്രഖ്യാപിച്ചത്. കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ 20 ആർ.ഇ വാളുകൾക്ക് സമീപം 30 മീറ്റർ വരെ മണ്ണ് തുരന്നാണ് സാമ്പിൾ ശേഖരിക്കുന്നത്. ഒരു ആർ.ഇ വാളിനടുത്ത് മൂന്ന് മുതൽ അഞ്ച് വരെ സ്ഥലങ്ങളിൽ മണ്ണ് പരിശോധിക്കും. മേവറം, കാവനാട്, മൈലക്കാട് എന്നിവിടങ്ങളിൽ മണ്ണിന് ബലക്കുറവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഫ്ലൈ ഓവർ ശുപാർശ.
തീരുമാനമാവാതെ പാറക്കുളം
ആർ.ഇ വാളിന്റെ പാനൽ തള്ളിയ പറക്കുളത്ത് പരിഹാരമായില്ല. ഇവിടെ ഉയരപ്പാതയ്ക്ക് താഴെ റോഡിന് കുറുകെയുള്ള തോടിന്റെ മേൽമൂടിയായ കോൺക്രീറ്റിന് പൊട്ടൽ സംഭവിച്ചെന്ന സംശയവുമുണ്ട്. അതുകൂടി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സാദ്ധ്യത. മറ്റ് സ്ഥലങ്ങളിലെ മണ്ണ് പരിശോധനാ ഫലം കൂടുതൽ ശാസ്ത്രീയമായി വിലയിരുത്തുകയാണ്.
ഫ്ലൈ ഓവർ ശുപാർശ ചെയ്ത സ്ഥലങ്ങൾ, നീളം
കടവൂർ- 450 മീറ്റർ മേവറം- 300 മീറ്റർ മൈലക്കാട്- 200 മീറ്റർ
..............................................
നിലവിലെ നിർമ്മാണ പുരോഗതി: 87 % പൊളിച്ചുനീക്കുമ്പോൾ: 84 % 30 മുതൽ 35 വരെ നീളമുള്ള സ്പാനുകൾക്ക് സാദ്ധ്യത
മണ്ണ് പരിശോധന തുടരുന്നു