അതിവേഗ റെയിൽ:15 മുതൽ മെട്രോമാന്റെ യാേഗങ്ങൾ #മഞ്ഞക്കുറ്റി അടിക്കില്ല
മലപ്പുറം: മെട്രോമാൻ ഇ.ശ്രീധരൻ ഈ മാസം പതിനഞ്ചു മുതൽ ജില്ലകളിൽ യോഗങ്ങൾ വിളിച്ച് ജനങ്ങൾക്കു മുമ്പിൽ അതിവേഗ റെയിൽ പദ്ധതി അവതരിപ്പിക്കും.
തത്ക്കാലം മഞ്ഞക്കുറ്റികൾ അടിക്കാതെ അടയാളം ഇടുകയാണ് ചെയ്യുക. 20 മീറ്റർ വീതിയാണ് പാതയ്ക്ക് ആവശ്യം.
ഡി.പി.ആർ തയ്യാറാക്കാൻ സ്വന്തം നിലയിൽ പൊന്നാനിയിൽ ഓഫീസ് തുറന്നശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യ രാധ ശ്രീധരൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അതിവേഗ റെയിൽപാത പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ജീവനക്കാർ ഓരോരുത്തരായി എത്തിച്ചേരുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സർക്കാരിനെ ഇപ്പോൾ അറിയിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
ആദ്യയോഗം മലപ്പുറം ജില്ലയിലായിരിക്കും. പിന്നാലെ പാത കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തും. ഫീൽഡ് വർക്ക് ഏപ്രിലിൽ ആരംഭിച്ച് ജൂണിന് മുമ്പ് പൂർത്തിയാക്കും. നിർദ്ദിഷ്ട 22 സ്റ്റേഷനുകൾ എവിടെയാണ് നിർമ്മിക്കേണ്ടതെന്നത് അടക്കം ഫീൽഡ് വർക്കിലൂടെ തീരുമാനിക്കും. എത്ര ഭൂമി ഏറ്റെടുക്കണമെന്ന് തീരുമാനിക്കും. തുടർന്ന്, സർവേ നടപടികളിലേക്ക് കടക്കും. നേരിട്ടെത്തി സർവേ നടത്തുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കും. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യും. അലൈൻമെന്റടക്കം തീരുമാനിക്കേണ്ടതുണ്ട്. അതിനുശേഷമേ അടയാളമിടൂ.
ഏറ്റെടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകാനാകുമെന്നും തന്റെ സ്ഥലം എടുക്കൂവെന്ന് പറഞ്ഞ് ജനങ്ങൾ മുന്നോട്ടുവരുമെന്നും ഇ.ശ്രീധരൻ അവകാശപ്പെട്ടു.