സ്പ്രിംക്ലർ ഇടപാട്: ഗോവിന്ദന്റെ പരാമർശം വസ്തുതാ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംക്ലർ ഇടപാടിൽ ക്രമവിരുദ്ധമായി കരാറിൽ ഏർപ്പെട്ട കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും കോടതി വിധിന്യായം മനസിലാക്കാതെ താത്വിക അവലോകനം മാത്രമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്നതെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കേസിലെ റിട്ട് ഹർജികൾ അവസാനിപ്പിച്ചു കൊണ്ടുള്ള ജനുവരി 28ലെ ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ് എം.വി ഗോവിന്ദൻ തന്റെയും പ്രതിപക്ഷ നേതാവിന്റെയും മാപ്പ് ആവശ്യപ്പെട്ടത്.
ജനങ്ങളുടെ ആരോഗ്യ ഡാറ്റ കൈമാറാനുള്ള നീക്കത്തിനെതിരെയാണ് കേസ് കൊടുത്തത്. ഇടക്കാല ഉത്തരവിൽ തന്റെ വാദങ്ങളുടെ സാധുത ഹൈക്കോടതി അംഗീകരിച്ചു. സർക്കാർ പിന്തിരിഞ്ഞു. 2020 ഏപ്രിൽ 24ലെ ഇടക്കാല ഉത്തരവ് ശരിവക്കുകയാണ് ഹൈക്കോടതി ചെയ്തത്. നടപടി ക്രമങ്ങളിലെ അതിഗുരുതര വീഴ്ചകൾ സ്ഥിരീകരിച്ചു. സർക്കാർ നടപടിക്രമങ്ങൾക്ക് വിരുദ്ധമായാണ് കരാറിൽ ഏർപ്പെട്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിസഭയുടെയോ മുഖ്യമന്ത്രിയുടെയോ അനുവാദമില്ലാതെ കരാറിൽ ഏർപ്പെടാൻ പാടില്ലായിരുന്നെന്നും കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കി.