രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

Tuesday 03 February 2026 10:56 AM IST

തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നാണ് കോൺഗ്രസിന്റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തുടരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ മുരളിക്ക് എത്തിക്‌സ് കമ്മിറ്റി നിർദേശം നൽകി. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ ഉന്നയിച്ചു.

രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്‌നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല.