കേരളത്തിന്റെ ബ്രാണ്ടിക്ക് പേര് കണ്ടെത്തി ബവ്കോ; തിരഞ്ഞെടുത്തത് 40,000ത്തോളം  പേരുകളിൽ നിന്ന്

Tuesday 03 February 2026 12:02 PM IST

കോട്ടയം: ബിവറേജസ് കോർപറേഷൻ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറിസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാണ്ടിക്ക് പേര് തിരഞ്ഞെടുത്തു. എന്നാൽ ഇത് പുറത്തുവിട്ടിട്ടില്ല. പേര് തിരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും നി‌ർദേശം സ്വീകരിച്ചതിനെതിരെ ഹെെക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഉടനെ പേര് പുറത്തുപറയാൻ കഴിയില്ല. കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ബവ്കോയ്ക്ക് പുതിയ പേര് പരസ്യപ്പെടുത്താൻ കഴിയുകയുള്ളൂ.

മികച്ച പേര് ബ്രാണ്ടിക്കായി നിർദേശിച്ചാൽ 10,​000 രൂപയാണ് ബിവറേജസ് കോർപറേഷൻ സമ്മാനമായി ഓഫർ ചെയ്തത്. ഇതിനെ തുടർന്ന് 40,000ത്തോളം പേരുകളാണ് ലഭിച്ചത്. തിരുവല്ലയിലെ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ജവാൻ റം ആണ് നിലവിൽ ബവ്‌കോ സ്വന്തം നിലയ്ക്ക് വിപണിയിലിറക്കുന്ന മദ്യം. കോടതി അനുവദിച്ചാൽ ഫെബ്രുവരി 21ന് പാലക്കാട് സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമാണ ഉദ്ഘാടനത്തിൽ പേര് പരസ്യമാക്കും.