മുഖ്യമന്ത്രിയുടെ മകളുടെ പേരിലുൾപ്പെടെ നാലുകേസ്; ഹർജിക്കാരന് ചുമത്തിയ  പിഴ  റദ്ദാക്കില്ലെന്ന് ഹെെക്കോടതി

Tuesday 03 February 2026 3:18 PM IST

കൊച്ചി: അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലുകേസുകൾ ലിസ്റ്റ് ചെയ്യിച്ചതിന് ചുമത്തിയ പിഴ റദ്ദാക്കില്ലെന്ന് ഹെെക്കോടതി. ഓരോ കേസിനും 10,000 രൂപ വീതവും 40,000 രൂപ ഹർജിക്കാരനായ എം ആർ അജയൻ അടയ്‌ക്കണമെന്നും വീണ്ടും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എ ജയശങ്കർ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവധിക്കാല ബെഞ്ച് കോടതിച്ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി അടക്കം നാലുകേസുകൾ അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്യിച്ചതിനാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ഡിസംബർ 23നായിരുന്നു സംഭവം. ഇതിനെതിരെ ഹർജിക്കാരൻ പുഃനപരിശോധനാ ഹർജി നൽകിയിരുന്നു.

എന്നാൽ ഹർജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി പുഃനപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും വ്യക്തമാക്കി കോടതി റിവ്യൂ പെറ്റിഷൻ തള്ളുകയായിരുന്നു. കോടതി അവധിക്ക് ശേഷം ചേരുമ്പോൾ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെ‌ഞ്ചിൽ ലിസ്റ്റ് ചെയ്യിപ്പിച്ചത്. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.