പഴയ ബസുകൾ കേരളത്തിൽ വേണ്ടെന്ന് സർക്കാർ; വെട്ടിലായത് 200-ഓളം സ്വകാര്യ ബസുടമകൾ

Tuesday 03 February 2026 4:11 PM IST

പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നിരത്തിലിറങ്ങാൻ തയ്യാറായിരുന്ന ഇരുനൂറോളം ബസുകളാണ് ഗതാഗത വകുപ്പിന്റെ ഉത്തരവോടെ ഷെഡിൽ കയറുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ബസുടമകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

പഴഞ്ചൻ വാഹനങ്ങളുടെ ഇടമായി കേരളം മാറാതിരിക്കാനാണ് കടുത്ത തീരുമാനമെടുത്തതെന്നാണ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ്‌‌ കുമാർ വ്യക്തമാക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബസുകളുടെ കാലാവധി എട്ട് മുതൽ പത്ത് വർഷം വരെയാണ്. എന്നാൽ കേരളത്തിൽ 22 വർഷമാണ് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ബസ് വാങ്ങാൻ 50 ലക്ഷത്തോളമാണ് ചെലവ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ ബസുകൾ 10-15 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഇവ വാങ്ങി മിനുക്കുപണികൾ നടത്തി കേരളത്തിൽ രജിസ്റ്റർ ചെയ്ത് ഓടിക്കുന്ന രീതി കഴിഞ്ഞ 30 വർഷമായി തുടർന്നുപോരുന്നതാണ്.

പഴയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് മൂലമുണ്ടാകുന്ന അപകടസാദ്ധ്യതകളും വായുമലിനീകരണം തടയുകയുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാങ്ങിയ ബസുകൾക്കെങ്കിലും ഇളവ് നൽകണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് വാങ്ങാനും അതിന്റെ അറ്റകുറ്റ പണികൾക്കും വൻ തുക നിക്ഷേപിച്ചവർ പെരുവഴിയിലായ സാഹചര്യത്തിൽ ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.