ബഡ്ജറ്റിൽ കേരളം എന്ന പേരുപോലും പരാമർശിച്ചില്ല,​ എയിംസിനായി പ്രധാനമന്ത്രിയെ അടക്കം കണ്ടിട്ടും നിരാശ: മുഖ്യമന്ത്രി

Tuesday 03 February 2026 7:07 PM IST

തിരുവനന്തപുരം : പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസം അനുവദിക്കുമ്പോഴും കേരളത്തോട് കാണിക്കുന്ന വിവേചനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം ബഡ്‌ജറ്റ് വന്നപ്പോൾ കേരളം എന്ന പേരു പോലും പരാമർശിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഈ അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി നിർദ്ദേശിച്ചു,​ പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടിപോയി എന്ന മട്ടിൽ ഞങ്ങൾ തിരിച്ചുവരും. എല്ലാപ്രാവശ്യവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. നാടിന്റെ ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിൽ എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോൾ കേരളത്തിൽ എല്ലാ വികസന പ്രവർത്തനങ്ങളെയും പ്രതിപക്ഷം എതിർക്കുകയായണെന്ന് അദ്ദേഹം പറ‌ഞ്ഞു. കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും ബഡ്ജറ്റിലെ അവഗണനയെകുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും അവർ തയ്യാറാകുന്നില്ല എന്നും മുഖ്യമന്ത്രി ആരോപിച്ചു.