ഒഴിയാതെ തെരുവുനായ ശല്യം: വേണം പരിഹാരം

Wednesday 04 February 2026 12:58 AM IST
ഒഴിയാതെ തെരുവുനായ ശല്യം: വേണം പരിഹാരം

- സുപ്രീം കോടതി വിമർശിച്ചിട്ടും നടപടി ഇഴയുന്നു

കോഴിക്കോട്: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ കൂടുതൽ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിൽ പൂളക്കടവിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വട്ടോളിയിലുമാണ് സെന്ററുകളുള്ളത്.

തെരുവുനായ നിയന്ത്രണം വെെകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സുപ്രീം കോടതി ഈയിടെ വിമർശിച്ചിട്ടും നടപടി ഇഴയുകയാണ്. വന്ധ്യംകരണം കൊണ്ടുമാത്രം പ്രശ്നം തീരുകയില്ല. വന്ധ്യംകരണത്തിന്റെയും നായ്ക്കൾ പെരുകുന്നതിന്റെയും തോതെടുത്താൽ നിയന്ത്രണത്തിനുതന്നെ വർഷങ്ങളെടുക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പഞ്ചായത്തുകൾ തോറും താൽക്കാലിക ഷെൽട്ടറുകൾ തുടങ്ങി അപകടകാരികളായ തെരുവുനായ്ക്കളെ അടച്ചിടണം. വന്ധ്യംകരിച്ച നായ്ക്കളെ മുഴുവൻ ഒരിടത്ത് പാർപ്പിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കും. വിവിധ സ്ഥലങ്ങളിൽ ഷെൽട്ടറുകൾ ഒരുക്കുകയാണ് പരിഹാരം. നായ്ക്കളുടെ കടിയേറ്റാൽ എടുക്കുന്ന വാക്‌സിന് 5,500 മുതൽ 6,500 രൂപ വരെയാണ് വില. ഇത് ചെറുകിട വരുമാനക്കാരെ വെട്ടിലാക്കുന്നു. നടന്നുപോകുന്നവരാണ് ഇവരിലധികവും. സംസ്ഥാനത്ത് ഒരു വർഷം മൂന്ന് ലക്ഷത്തിലധികം തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. വൻകിട വാക്‌സിൻ ലോബികൾക്ക് ഇത് നല്ലൊരു വരുമാന മാർഗ്ഗവുമാണ്.

  • ഇരകളിൽ അധികവും കുട്ടികൾ

കടിയേറ്റ് ഗുരുതരാവസ്ഥയിലാകുന്നവരിലും മരിക്കുന്നവരിലും കൂടുതലും കുട്ടികളാണ്. കുട്ടികൾക്ക് നായ്ക്കളെ പ്രതിരോധിക്കാനുമാവില്ല. സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും നടന്നുപോകുന്ന കുട്ടികളാണ് കൂടുതലും ഇരയാകുന്നത്. മുതിർന്നവർ ഉൾപ്പെടെ 2024ൽ 26 പേരും 2025ൽ 17 പേരും മരിച്ചു.

  • സംഘടനകളുണ്ട്, സമീപിച്ചിട്ടില്ല

മുംബൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ മിഷൻ റാബീസ് സംഘടന വഴി തെരുവുനായ ശല്യം ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. ഈ മാതൃക സംസ്ഥാനത്തും തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സംഘടനകളുടെ എണ്ണമെടുക്കാനോ നിർദേശങ്ങൾ കേൾക്കാനോ അധികൃതർ ശ്രമിച്ചിട്ടില്ലെന്നാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്.

  • സംസ്ഥാനത്ത് കടിയേറ്റവർ

2014 - 1,19,191

2024 - 3,16,793

2025 - 1,65,136

(മേയ് വരെ)

ജില്ലയിൽ വന്ധ്യംകരണം ഇതുവരെ -20,808

എ.ബി.സി കേന്ദ്രങ്ങൾ -2

(പൂളക്കടവ്, വട്ടോളി)

ആകെ ജീവനക്കാർ, ഡോക്ടർമാർ, വന്ധ്യംകരണം

പൂളക്കടവ്....13....3....15,325

വട്ടോളി.....10.....2....5483