പുതിയ കുഴൽക്കിണർ കുഴിച്ചിട്ടും തൃക്കരുവയിൽ വെള്ളമില്ല
കൊല്ലം: അറ്റകുറ്റപ്പണിക്കിടെ ഇടിഞ്ഞു താഴ്ന്ന പൊതു കുഴൽക്കിണറിന് പകരം ഇതിനോട് ചേർന്ന് പുതിയ കിണർ കുഴിച്ചെങ്കിലും തൃക്കരുവ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. പുതിയ കിണറിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടറിന് ഫോഴ്സ് കുറവായതിനാൽ എല്ലാ പ്രദേശങ്ങളിലേക്കും വെള്ളമെത്തുന്നില്ലെന്നാണ് ആക്ഷേപം. ഇടിഞ്ഞു താഴ്ന്ന കിണറിനോട് ചേർന്ന് തന്നെ കുഴിച്ചതിനാൽ ഫോഴ്സ് കൂടിയ മോട്ടർ സ്ഥാപിച്ചാൽ ഈ കിണറും ഇടിഞ്ഞ് വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് അധികൃതർ പറഞ്ഞു.
പഞ്ചായത്തിലെ 18 വാർഡുകളിലുമായി 13 കുഴൽക്കിണർ മാത്രമാണുള്ളത്. അതിൽ പലതും കാലപ്പഴക്കം കാരണം ഏതു നിമിഷവും ഇടിഞ്ഞുതാഴുന്ന നിലയിലാണ്. കാഞ്ഞിരം കുഴിയിലും ഇത്തരത്തിൽ കിണർ ഇടിഞ്ഞ് താണതോടെ ഇതിന് സമീപത്ത് തന്നെ പുതിയ കിണർ കുഴിച്ചിരുന്നു. ഇവിടെയും ഇതേ കാരണത്താൽ ഫോഴ്സ് കുറഞ്ഞ മോട്ടറാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നൂലു പോലെ ഊറിവെരുന്ന വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. പ്രദേശത്ത് കട്ടിയുള്ളപാറയായതിനാൽ കിണർകുഴിക്കുന്നതിന് ചിലവ് വളരെ കൂടുതലാണ്. കൂടാതെ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ ഒട്ടുമിക്ക വീടുകളിലും പൈപ്പ് വെള്ളമാണ് ആശ്രയം.
വിലയ്ക്ക് വാങ്ങി കുടിവെള്ളം
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രശ്നത്തിന് താത്കാലിക പരിഹാരമായി തിനവിള ആയുർവേദ ആശുപത്രി ഭാഗങ്ങളിൽ നിന്നുള്ള കണക്ഷനിൽ വാൽവ് സ്ഥാപിച്ച്, പ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ഇതോടെ പലരും സ്വന്തം ചിലവിൽ കുഴൽക്കിണറുകൾ കുഴിച്ചു. എന്നാൽ കിണർ കുഴിക്കാനുള്ള സാമ്പത്തിക ശേഷിയാല്ലാത്തവർ പുറത്ത് നിന്ന് പണം മുടക്കി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയായി. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും പണം മുടക്കേണ്ടതിനാൽ പലർക്കും താങ്ങാനാവുന്നില്ല.
200 മില്ലീ മീറ്റർ വ്യാസമുള്ള പുതിയ കിണർ
സ്റ്റേഡിയം വാർഡിൽ മണ്ണൂച്ചിറ പമ്പ് ഹൗസിനോട് ചേർന്ന് 35 വർഷം പഴക്കമുള്ള കുഴൽക്കിണർ ഇടിഞ്ഞ് താഴ്ന്നതോടെ പ്രദേശത്ത് മാസങ്ങളായി ജനങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. കിണർ കുഴിക്കാൻ 7.15 ലക്ഷമാണ് ഫണ്ട് അനുവദിച്ചത്.