'മരുന്നിന് പോലും മരുന്നില്ല' ആലുവ ഇ.എസ്.ഐ ഡിസ്‌പെൻസറി രോഗശയ്യയിൽ
ആലുവ: 'മരുന്നിന് പോലും മരുന്നില്ലാ'തായതോടെ ആലുവ ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ ചികിത്സതേടിയെത്തുന്ന രോഗികൾ ദുരിതത്തിൽ. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വരെ ഒരു മാസത്തിലേറെയായി മരുന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി.
ജില്ലയിലെ പ്രധാനപ്പെട്ട ഇ.എസ്.ഐ ഡിസ്പെൻസറികളിൽ ഒന്നാണ് ആലുവ. നൂൽക്കമ്പനികളായിരുന്ന അശോക, ജി.ടി.എൻ കാത്തായി ഉൾപ്പെടെ നിരവധി കമ്പനികൾ പ്രവർത്തിച്ചിരുന്ന ആലുവയിൽ ഏറെ സൗകര്യങ്ങളോടെയാണ് ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നത്. കാലാന്തരത്തിൽ ബഹുഭൂരിപക്ഷം വൻകിട കമ്പനികളും അടച്ചുപൂട്ടിയെങ്കിലും നിരവധി ചെറുകിട സ്ഥാപനങ്ങൾ ഉള്ളതിനാൽ ഇ.എസ്.ഐയെ ആശ്രയിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല.
ഫോർട്ടുകൊച്ചിയിൽ നിന്ന്
മരുന്നെത്താൻ രണ്ടാഴ്ച!
തിരുവനന്തപുരത്തെ ഇ.എസ്.ഐ ഡിപ്പോയിൽ നിന്നും ഫോർട്ടുകൊച്ചിയിലെ സബ് ഡിപ്പോ വരെ മരുന്നുകൾ എത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടെ നിന്ന് ഡിസ്‌പെൻസറിയിലേക്ക് മരുന്ന് എത്തേണ്ട താമസമാണ് ഇനിയുള്ളത്. ഒന്നോ രണ്ടോ ആഴ്ച്ചകൾക്കകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡിസ്പെൻസറിയിൽ ഒരു വർഷത്തേക്ക് ആവശ്യമായ മരുന്നിന് മുൻകൂർ ഓർഡർ ചെയ്യണം. ലഭിക്കുന്ന മരുന്ന് കാലാവധിക്ക് ശേഷവും ബാക്കിയായാൽ ഇതിന് ഓർഡൽ നൽകിയ ജീവനക്കാർ മറുപടി പറയേണ്ടിവരും. ഈ സാഹചര്യത്തിലാണ് മരുന്ന് ക്ഷാമം നേരിട്ടാലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ മരുന്ന് കുറച്ച് ഓർഡർ ചെയ്യുന്നതെന്നാണ് ജീവനക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
പൂട്ടിയ ലാബ് തുറന്നത് രണ്ടാഴ്ച്ച മുമ്പ്
ആലുവ ഇ.എസ്.ഐയിൽ മൂന്ന് വർഷത്തിലേറെ പൂട്ടിക്കിടന്ന ലാബ് തുറന്നിട്ട് രണ്ടാഴ്ച്ച പോലുമായിട്ടില്ല. നാല് ലക്ഷം രൂപ മതിയായിട്ടും ലാബിലെ രക്തപരിശോധന സംവിധാനം പുന:സ്ഥാപിക്കാൻ കാത്തുനിന്നത് മൂന്ന് വർഷമാണ്. അത്ര'വേഗത'യാണ് ഇ.എസ്.ഐ അധികൃതർക്കുള്ളത്. ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ (ഇൻ ചാർജ്) ഡോ. വി.എ. സിനി പ്രിയദർശിനിയാണ് കഴിഞ്ഞ 24ന് ലാബ് ഉദ്ഘാടനം ചെയ്തത്.
ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ ആവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കണം. അല്ലാത്തപക്ഷം തൊഴിലാളികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
വി.പി. ജോർജ്
ദേശീയ സമിതി അംഗം,
ഐ.എൻ.ടി.യു.സി