പുതിയ സർക്കാർ സ്കൂൾ കെട്ടിടത്തിൽ എ.സിയും ലിഫ്റ്റും

Wednesday 04 February 2026 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ നവീകരിക്കുന്നു. ഇനി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ എസിയും ലിഫ്റ്റും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളൊരുക്കാൻ പൊതു വിദ്യാഭ്യാസ മന്ത്രി

വി,ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു.

പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുമ്പോൾ എല്ലാ ക്ലാസ് മുറികളിലും ഫാനും, പ്രധാന മുറികളിൽ എ.സിയും ഉൾപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും. മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യം നിർബന്ധമാക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി റാമ്പ് സൗകര്യവും ഉറപ്പാക്കും. നിലവിലുള്ള സ്കൂളുകളിലും പുതിയ കെട്ടിടങ്ങളിലും 'ബാക്ബെഞ്ചർ' എന്ന വേർതിരിവ് ഒഴിവാക്കും,.

സ്കൂൾ പിടിഎ, എസ്എംസി, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവയ്ക്ക് പ്രത്യേക ബൈലോയും സബ് ജില്ല മുതൽ സംസ്ഥാന തലം വരെ ഭാരവാഹികളും നിലവിൽ വരും. സർക്കാർ ഉത്തരവുകൾ നടപ്പാക്കാൻ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സെക്രട്ടറിക്കും ഡയറക്ടർക്കും മന്ത്രി നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, ഡയറക്ടർ ഉമേഷ് എൻ.എസ്.കെ , അഡീഷണൽ ഡയറക്ടർമാരായ ഷിബു, സന്തോഷ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മറ്റ് പരിഷ്കാരങ്ങൾ:

1. ആഘോഷവേളകളിലും സ്വന്തം ജന്മദിനങ്ങളിലും കുട്ടികൾക്ക് യൂണിഫോം ഒഴിവാക്കി ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.

2. സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിക്കും സ്കൂൾ വിനോദയാത്രകൾ നഷ്ടമാകരുത്.

3. അദ്ധ്യാപകർ കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി നിരോധിച്ചു.

4. പാഠപുസ്തകങ്ങളിലെ ഭരണഘടനാ ആമുഖം സ്കൂൾ സ്പെഷ്യൽ അസംബ്ലികളിൽ വായിക്കും.

5.ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ കൂടുതൽ ഊർജിതമാക്കും പുതിയ ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും.