കേസ് ലിസ്റ്റ് ചെയ്യിപ്പിച്ചശേഷം വിട്ടുനിന്നു: പിഴശിക്ഷ ശരിവച്ച് ഹൈക്കോടതി

Wednesday 04 February 2026 1:56 AM IST

കൊച്ചി: അവധിക്കാല ബെഞ്ചിൽ ഉപഹർജികൾ ലിസ്റ്റ് ചെയ്യിപ്പിച്ചശേഷം കേസ് പരിഗണിച്ചപ്പോൾ വിട്ടുനിന്നതിനുള്ള പിഴശിക്ഷ ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകനായ എം.ആർ.അജയൻ അഡ്വ. വി.ആർ.മനോരഞ്ജൻ മുഖേന നൽകിയ നാലു ഉപഹർജികളിലായി 10,000 രൂപ വീതം പിഴയടയ്ക്കാൻ ക്രിസ്മസ് അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു. പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ സമർപ്പിച്ച റിവ്യുഹർജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി.

ഇത്തരത്തിൽ വീണ്ടും ഹർജി നൽകിയാൽ പിഴ പതിനായിരത്തിൽ ഒതുക്കില്ലെന്ന് കോടതി വാക്കാൽ മുന്നറിയിപ്പും നൽകി.

ശബരിമല സ്വർണക്കൊള്ള, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി ആരോപണം എന്നിവയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി, പാലിയേക്കര ടോൾ കേസ്, തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട മറ്റൊരു കേസ് എന്നിവയാണ് ലിസ്റ്റ് ചെയ്യിപ്പിച്ചിരുന്നത്. അടിന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയശേഷം വിട്ടുനിന്ന നടപടി ദുരുദ്ദേശ്യപരമാണെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഇവയിലെല്ലാം ഹർജിക്കാരനും അഭിഭാഷകനും ഒരേ ആളാണെന്ന് മനസിലായതോടെയാണ് പിഴ ചുമത്തിയത്.