ഭക്തിസാന്ദ്രമായി കേരള കുംഭമേള സമാപിച്ചു

Wednesday 04 February 2026 1:58 AM IST

തിരൂർ: ത്രിമൂർത്തി സംഗമസ്ഥാനമായ തിരുനാവായയിൽ കേരള കുംഭമേളയായി ആഘോഷിച്ച മാഘമക മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഇന്നലെ കാലത്ത് നാഗസന്യാസിമാരും പതിനായിരക്കണക്കിന് ഭക്തരും നിളയിൽ അമൃതസ്നാനം നടത്തി. വൈകിട്ട് നടന്ന നിളാ ആരതിയോടെയായിരുന്നു സമാപനം. അമൃതസ്നാന ചടങ്ങുകൾക്ക്‌ ശേഷം യജ്ഞശാലയിൽ രതിപൂജയും സന്യാസിമാർക്ക് അന്നദാനം നൽകുന്ന ഭണ്ഡാര ചടങ്ങും നടന്നു.

അടുത്ത വർഷം മുതൽ ദക്ഷിണേന്ത്യയുടെ മേഖല കുംഭമേളയായി കേരള കുംഭമേള സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ശിവരാത്രി വരെ നീളുന്ന രീതിയിലാണ് മേള. ഇതിനായി ഏപ്രിലിൽ തിരുനാവായ കേന്ദമായി ഓഫീസ് തുറക്കും. അതേസമയം,കഴിഞ്ഞ 19 ദിവസമായി നടന്ന മഹാമാഘത്തിൽ 20 ലക്ഷത്തിലധികം ഭക്തർ നിളാതീരത്തെത്തിയെന്നാണ് കണക്ക്.