കുപ്പിക്കുള്ളിൽ കൗതുകമായി കുഞ്ഞൻ ശില്പങ്ങൾ

Tuesday 03 February 2026 11:21 PM IST

തിരുവല്ല : വിനോദിന്റെ കരവിരുതിൽ കുപ്പികൾക്കുള്ളിൽ ഒരുങ്ങുന്നത് മികവുറ്റ ശില്പങ്ങൾ. കുപ്പികൾക്കുള്ളിൽ ശില്പങ്ങൾ തീർക്കുന്ന ശ്രമകരമായ കലാവിരുത് വിനോദ് സ്വന്തമാക്കിയത് ഏറെക്കാലത്തെ പരിശീലനത്തിലൂടെയാണ്.

കല്ലുങ്കൽ കളത്തറയിൽ വീട്ടിൽ വി.ജെ വിനോദ് ഏഴ് വർഷത്തിനിടെ അറുപതിലധികം ശില്പങ്ങളാണ് ഇത്തരത്തിൽ തയ്യാറാക്കിയത്. പെയിന്റിംഗ് തൊഴിലാളിയാണ് .

പഠനത്തിന് ശേഷം ആദ്യമായി ഗണപതിയുടെ വിഗ്രഹമാണ് നിർമ്മിച്ചത്.. എം സീൽ ഉപയോഗിച്ചായിരുന്നു നിർമ്മാണം. തുടർന്ന് ശ്രീനാരായണ ഗുരുദേവന്റെയും അയ്യപ്പന്റെയും ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ കുപ്പിക്കുള്ളിൽ പിറവിയെടുത്തു. ഇവയിൽ പലതും ബന്ധുക്കൾക്കും സുഹൃത്തുത്തുക്കൾക്കും സമ്മാനമായി നൽകിമ്യൂറൽ പെയിന്റിംഗും വിനോദിന് വശമുണ്ട്.

ബോട്ടിൽ ആർട്ടിന്റെ പേരിൽ ബി.എസ്.എസിന്റെ പുരസ്കാര പരിഗണന പട്ടികയിൽ വിനോദിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇനിയും വ്യത്യസ്തങ്ങളായ നിരവധി ശില്പങ്ങൾ തീർക്കണം എന്നതാണ് വിനോദിന്റെ ആഗ്രഹം. ഭാര്യ സുലേഖയും പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ അനന്യയും വിനോദിന് പിന്തുണയേകി ഒപ്പമുണ്ട്.

ശ്രമകരമായ നിർമ്മാണം

നല്ല പരിശീലനവും ക്ഷമയും വേണം ഇൗ കലാവിരുതിന്. 2018ലെ പ്രളയകാലത്ത് കുപ്പിക്കുള്ളിൽ പായ്ക്കപ്പൽ നിർമ്മിക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കണ്ടതാണ് വിനോദിന് പ്രചോദനമായത്. തുടർന്ന് നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ശേഖരിച്ചു. പായ്ക്കപ്പലാണ് ആദ്യം നിർമ്മിച്ചത്. ഇത് പൂർത്തിയാക്കാൻ ഒരു മാസം വേണ്ടിവന്നു. 40 പീസുകൾ ഓരോന്നായി കുപ്പിക്കുള്ളിലേക്ക് കടത്തിവിട്ട് പശ ഉപയോഗിച്ച് ഒട്ടിച്ചാണ് പായ്ക്കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിഗ്രഹങ്ങൾ നിർമ്മിക്കുന്നതും ഇൗ രീതിയിലാമ്.

കുപ്പിക്കുള്ളിൽ വ്യത്യസ്തങ്ങളായ കൂടുതൽ ശില്പങ്ങൾ ഉണ്ടാക്കി പ്രദർശനം സംഘടിപ്പിക്കണം. ഇവയുടെ വിപണനവും ലക്ഷ്യമിടുന്നു

വി.ജെ. വിനോദ്