പൊറുതിമുട്ടിച്ച് തെരുവു നായ: 2025ൽ കേരളത്തിൽ കടിയേറ്റത് 3.69 ലക്ഷം പേർക്ക്
തിരുവനന്തപുരം: 2025ൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 3.69 ലക്ഷം പേർക്ക്. 2021 മുതൽ 2025 വരെ 15.02 ലക്ഷം പേർക്കും കടിയേറ്റു. അഞ്ചുവർഷത്തിനിടെ 122 പേർ പേവിഷബാധയേറ്റു മരിച്ചു. 2021ൽ 11 പേരായിരുന്നത് 2025ൽ 33 ആയി. മൂന്നിരട്ടിയുടെ വർദ്ധന. തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ ഫലിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് തദ്ദേശവകുപ്പിന്റെ അഞ്ചുവർഷത്തെ കണക്ക്.
കൂടുതൽ പേർക്ക് കടിയേറ്റത് തലസ്ഥാനത്താണ്. അഞ്ചുവർഷത്തിനിടെ 2.26 ലക്ഷം. പാലക്കാടാണ് തൊട്ടുപിന്നിൽ-1.55 ലക്ഷം. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ഒരുലക്ഷത്തിലധികം പേർക്ക് കടിയേറ്റു.
പേവിഷബാധയേറ്റുള്ള മരണം കൂടുതൽ കൊല്ലത്താണ്. അഞ്ചുവർഷത്തിനിടെ 21പേർ. തിരുവനന്തപുരത്തും ആലപ്പുഴയിലും 17 പേർ വീതം മരിച്ചു. പാലക്കാട് 14 പേർക്കും തൃശൂരിൽ 12 പേർക്കും ജീവൻ നഷ്ടമായി. അഞ്ചുവർഷത്തിനിടെ വയനാട്ടിൽ മാത്രമാണ് പേവിഷ മരണം റിപ്പോർട്ട് ചെയ്യാത്തത്. കോട്ടയം, ഇടുക്കി 2 വീതം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 8 വീതം, മലപ്പുറം, കണ്ണൂർ 6 വീതം, കാസർകോട് 1 എന്നിങ്ങനെയാണ് പേവിഷ മരണങ്ങൾ.
നഷ്ടപരിഹാരം അതത് ജില്ലകളിൽ
തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം അതത് ജില്ലകളിൽ നിന്നു കിട്ടും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്കാണ് പരാതി നൽകേണ്ടത്. ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ചെയർമാനായ സ്‌ട്രേ ഡോഗ് വിക്‌ടിം കോമ്പൻസേഷൻ റെക്കമെൻന്റേഷൻ കമ്മിറ്റിയിൽ (എസ്.ഡി.വി.സി.ആർ.സി) ജില്ല മെഡിക്കൽ ഓഫീസർ, ജില്ല മൃഗസംരക്ഷണ ഓഫീസർ, തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. പരാതികൾ തപാലിലും നേരിട്ടും നൽകാം.
തെരുവുനായ ആക്രമണത്തിന് ഇരയായവർ
(അഞ്ചുവർഷത്തെ കണക്ക് ജില്ലതിരിച്ച്)
തിരുവനന്തപുരം....................2.26 ലക്ഷം
കൊല്ലം.....................................1.72 ലക്ഷം
പത്തനംതിട്ട............................75,912
കോട്ടയം..................................1.11ലക്ഷം
ആലപ്പുഴ..................................1.20ലക്ഷം
ഇടുക്കി.....................................45,810
എറണാകുളം..........................1.48 ലക്ഷം
തൃശൂർ.....................................1.40 ലക്ഷം
പാലക്കാട്.................................1.55 ലക്ഷം
മലപ്പുറം.....................................57,465
കോഴിക്കോട്............................86,535
വയനാട്...................................33,527
കണ്ണൂർ.....................................82,694
കാസർകോട്...........................45,884