തിരുനാവായ- ഗുരുവായൂർ പാത; മലബാറിന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ ചൂളംവിളി
കോഴിക്കോട്: 35കിലോമീറ്റർ മാത്രം ദൂരമേയുള്ളുവെങ്കിലും കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ച തിരുനാവായ- ഗുരുവായൂർ പാത മലബാറിന്റെ റെയിൽവേ വികസനത്തിന് നൽകുന്ന ഊർജം ഏറെയാണ്. ഗുരുവായൂരിനെ മലബാറുമായി ബന്ധിപ്പിക്കുന്ന റെയിൽപാത വേണമെന്ന ആവശ്യത്തിന് മൂന്നു പാതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1995ൽ അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി ഗുരുവായൂർ–തിരുനാവായ പാതയുടെ തറക്കല്ലിട്ടിരുന്നു. ആദ്യം കുറ്റിപ്പുറം വഴി പാതയിലേക്കുള്ള അലൈൻമെന്റ് പരിഗണിച്ചെങ്കിലും പിന്നീട് തിരുനാവായ വഴി അന്തിമരൂപം അനുവദിച്ചു. കേന്ദ്ര ബഡ്ജറ്റിൽ പണം വകയിരുത്തിയെങ്കിലും സംസ്ഥാന സർക്കാരിന്റെ ലാൻഡ് അക്വിസിഷൻ സഹായം കുറവായതിനാൽ 2015ൽ ലാൻഡ് ഓഫിസുകൾ പൂട്ടി. 2023ൽ ദൃശ്യ ഗുരുവായൂർ പ്രവർത്തകർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുകയും 2024ൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേ നടത്തുകയും ചെയ്തു.
@പുതിയ പാത വരുമ്പോൾ
. ഗുരുവായൂർ -തിരുനാവായ പാത മലബാറിലേക്കുള്ള ദൂരം കുറഞ്ഞ പ്രോജക്ട്
. തൃശൂരിൽനിന്ന് എളുപ്പത്തിൽ കോഴിക്കോടെത്താം
. ഷൊർണൂർ -തൃശൂർ പാതയിലെ തിരക്ക് കുറയ്ക്കാം
. ഷൊർണൂർ -എറണാകുളം പാതയിൽ പരമാവധി വേഗം 80 കിലോമീറ്റർ
. കേരളത്തിലെ ഏറ്റവും വേഗം കുറഞ്ഞ സെക്ഷനുകളിലൊന്ന്
. കൂടുതലും സമതല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു
. ഷൊർണൂർ ഒഴിവാക്കി എറണാകുളത്തുനിന്ന് കോഴിക്കോട്ടെത്താം
@ഗുരുവായൂർ ദേശീയ ശ്രദ്ധനേടും
ക്ഷേത്രനഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെല്ലാം വലിയ ടെർമിനൽ സ്റ്റേഷനുകളായി മാറിയിട്ടും ഗുരുവായൂരിൽ കാര്യമായ വികസനമില്ല. പാതയിലെ അവസാന സ്റ്റേഷനായതാണ് ഇതിനു കാരണം. ആകെ മൂന്ന് പ്ലാറ്റ്ഫോമുകൾ മാത്രമുള്ള സ്റ്റേഷന് പരിമിതികളേറെയാണ്. പാത തിരുനാവായയിലേക്ക് നീട്ടുന്നതോടെ രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകളായ ശ്രീമാതാ വൈഷ്ണോ ദേവി കത്ര, വാരാണസി, അയോദ്ധ്യ എന്നിവ പോലെ ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലായി മാറും. ഇപ്പോൾ ഏഴ് ട്രെയിൻ സർവീസുകളാണ് തൃശൂർ -ഗുരുവായൂർ പാതയിലുള്ളത്.
പാത നീട്ടുന്നതോടെ ഇതുവഴി കൂടുതൽ സർവീസുകൾ വരുന്നത് തീർഥാടകർക്കും നേട്ടമാകും. ഇപ്പോൾ പ്ലാറ്റ്ഫോമുകളുടെ കുറവു മൂലം മണിക്കൂറുകളോളം ഗുരുവായൂരിൽനിന്നു ട്രെയിനുകളില്ലാത്ത സ്ഥിതിയുണ്ട്. മലബാറിൽനിന്നു ഗുരുവായൂരിലേക്കു നേരിട്ടു ട്രെയിനുകളില്ലാത്ത പ്രശ്‌നത്തിനു പുതിയ പാത പരിഹാരമാകും. ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലായി മാറുകയും തീർഥാടകർക്ക് വലിയ പ്രയോജനം ലഭിക്കുമെന്നതുറപ്പാണ്. പാത യാഥാർത്ഥ്യമായാൽ രാജ്യത്തെ പ്രധാനനഗരങ്ങളിൽനിന്ന് ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവ തീർത്ഥാടനകേന്ദ്രത്തിലേക്ക് ട്രെയിൻ സർവീസുകൾ വരാൻ സാധ്യതയുണ്ട്.