എണ്ണം കുറവെങ്കിലും ചോരില്ല വീര്യം
നഞ്ചെന്തിന് നാനാഴി എന്ന ചൊല്ലു പോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം. അംഗബലം നന്നെ കുറവെങ്കിലും നിയമസഭയിൽ കത്തിക്കയറാൻ ഒരു മടിയുമില്ല. പക്ഷെ ബഹളമുണ്ടാക്കാൻ കൊണ്ടുവന്ന വിഷയത്തിൽ പുതുമയില്ലെന്നതു മാത്രമാണ് ഒരു പോരായ്മ.
ശബരിമല സ്വർണ്ണപ്പാളിയിൽ പിടിച്ചായിരുന്ന ഇന്നലെയും പ്രതിപക്ഷത്തിന്റെ മലകയറ്റം. സഭ നിറുത്തി വച്ചു ചർച്ച ചെയ്യാനുള്ള ഉപക്ഷേപത്തിനൊന്നും നിന്നില്ല, ചോദ്യോത്തരം തുടങ്ങിയ സമയത്തു തന്നെ പ്രതിഷേധവും തുടങ്ങി.റെഡി മെയ്ഡ് ബാനറും പ്ളക്കാർഡുമുൾപ്പെടെ എല്ലാവിധ യുദ്ധ സന്നാഹങ്ങളുമായായാണ് പ്രതിപക്ഷ യോദ്ധാക്കൾ നിരന്നത്. അൻവർ സാദത്ത്, ടി.സിദ്ദിഖ്, ടി.വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ് , മാത്യു കുഴൽനാടൻ തുടങ്ങിയവരെല്ലാം മുന്നണിപ്പോരാളികളായി. അൻവർ സാദത്തും ടി.വി ഇബ്രാഹിമും തുടക്കം മുതൽ സ്പീക്കറുടെ ഡയസിലേക്ക് 'ക്ളൈംബിംഗ് എക്സർസൈസ്' നടത്തിക്കൊണ്ടിരുന്നു. പി.കെ.ബഷീറിന്റെയും എൻ.ഷംസുദ്ദീന്റെയും നേതൃത്വത്തിൽ താഴെ ആവേശ കമ്മിറ്റിയും സജീവമായി. ഇതിനിടെ മന്ത്രി വി.ശിവൻകുട്ടി ശബരിമല സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട പാരഡി പാട്ട് അറിയാവുന്ന ഈണത്തിലും താളത്തിലുമൊക്കെ പാടി ഫലിപ്പിച്ചു.
കുറച്ചു സമയത്തെ ബഹളം കണ്ടിരുന്ന സ്പീക്കർ എ.എൻ.ഷംസീർ ഇടയ്ക്ക് ഒന്നുമുരിയാടാതെ സീറ്റിൽ നിന്നെഴുന്നേറ്റു പോയി. രംഗം ശാന്തമായെന്ന ധാരണയിൽ സ്പീക്കർ തിരികെ എത്തിയെങ്കിലും വർദ്ധിത വീര്യരായി പ്രതിപക്ഷം കലാപരിപാടികൾ തുടർന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, പി.രാജീവ് എന്നിവർ പ്രതിപക്ഷത്തെ ചൊടിപ്പിക്കാനും ചെറുക്കാനുമായി തങ്ങളുടെ ന്യായവാദങ്ങൾ നിരത്തിയെങ്കിലും എല്ലാം ബഹളത്തിൽ അലിഞ്ഞു ചേർന്നു.
പ്രതിപക്ഷ അംഗങ്ങൾ ഡയസിലേക്ക് ഇരച്ചുകയറിയത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. തന്റെ മുഖം മറച്ച് അന്ധത പരത്തുന്ന പ്രതിപക്ഷത്തോട് എങ്ങനെ സ്പീക്കർക്ക് പൊറുക്കാനാവും. പലതവണ തന്റെ അതൃപ്തി സ്പീക്കർ പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ ചെവി കൊടുത്തില്ല. തന്റെ മുഖത്തിന് മുന്നിൽ മറ തീർത്ത പ്രതിപക്ഷത്തിന്റെ ബാനർ പിടിച്ചെടുക്കാൻ സ്പീക്കർ സമ്മതം മൂളേണ്ട താമസം, വാച്ച് ആൻഡ് വാർഡ് ഉഷാറായി. ഇതിനിടെയായിരുന്നു അൻവർ സാദത്തിന്റെ ഡയസിലേക്കുള്ള 'വേലിചാട്ടം'.കൈവരി കടന്ന് അപ്പുറത്തെത്തിയെങ്കിലും കാലുകൾക്ക് പണ്ടേപ്പോലെ ഗ്രിപ്പ് കിട്ടിയില്ല. വീണതോ, വീണെന്നു നടിച്ചതോ, ഏതായാലും കുറച്ചു സമയത്തേക്ക് അദ്ദേഹത്തിന്റെ ഉയർത്തെണീൽപ്പ് ഉണ്ടായില്ല. അതോടെ , മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ നിയമവിദഗ്ദ്ധനെന്ന് പറയപ്പെടുന്ന മാത്യു കുഴൽനാടനും അൻവർ സാദത്തിന് ഐക്യദാർഢ്യവുമായി വേലി ചാടി.പിന്നെ അധിക സമയം നീണ്ടില്ല, കലാപരിപാടികൾ, ബഹിഷ്കരണത്തിൽ അവസാനിച്ചു.