ശബരിമല സ്വർണക്കൊള്ള, സിംഗിൾ ബെഞ്ച് തോന്നിയ അഭിപ്രായം പറഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരെ നിയമസഭയിൽ പരാമർശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സിംഗിൾ ബെഞ്ച് തോന്നിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സർക്കാരിനെതിരായ പരാമർശമല്ല, ഹൈക്കോടതിക്ക് എതിരായതാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം നടക്കുന്നത് സർക്കാർ നിർദ്ദേശ പ്രകാരമല്ല. ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിലാണ്. ഓരോഘട്ടത്തിലും പരിശോധനയും വിലയിരുത്തലുമുണ്ട്. ഇത് അറിയാത്തവരല്ല സിംഗിൾ ബെഞ്ച്. എന്നാൽ വാദം കേൾക്കുന്നതിനിടെ തോന്നിയ ചില പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട നിഗമനങ്ങളല്ല ഇത്. അത് നടത്തേണ്ടത് ഡിവിഷൻ ബെഞ്ചാണ്. അന്വേഷണത്തിൽ ഡിവിഷൻ ബെഞ്ച് പൂർണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് സാന്ദർഭികമായി പരാമർശം നടത്തിയതാവാം. എസ്.ഐ.ടിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി ഡിവിഷൻ ബെഞ്ച് നൽകിയിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിന്റെ അഭിപ്രായങ്ങൾ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ്
ഇടപെടുന്നു: സതീശൻ
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം കാരണമാണ് അന്വേഷണം തടസപ്പെടുന്നതെന്നും ജാമ്യം കിട്ടി പ്രതികളെല്ലാം പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഇത് തെളിവുകൾ നശിപ്പിക്കാനിടയാക്കും. ഒടുവിൽ സ്വർണക്കൊള്ള നടത്തിയവരെല്ലാം രക്ഷപെടുന്ന സ്ഥിതിയുണ്ടാവും. കുറ്റപത്രം നൽകാത്തതിനാലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്നും ഇത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നുവെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. തൊണ്ടി മുതൽ കണ്ടെത്താത്തതും ശാസ്ത്രീയ ഫലങ്ങൾ വൈകുന്നതും കുറ്റപത്രം സമർപ്പിക്കുന്നതിന് തടസമാവുന്നു. വലിയ വീഴ്ചയെന്ന് കോടതി പലവട്ടം പറഞ്ഞു. അന്വേഷണത്തിൽ എസ്.ഐ.ടി വീഴ്ച വരുത്തിയെന്ന് കോടതി അതിശക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം തടസപ്പെട്ടതിൽ സർക്കാരിന് പങ്കുണ്ടെന്ന് സതീശൻ പറഞ്ഞു.