അസലായി, സെമിയിലേക്ക്

Wednesday 04 February 2026 12:52 AM IST

ക്വാർട്ടറിൽ അസാമിനെ 3-0ത്തിന് തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ സെമിയിൽ

സിലാപത്തർ : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് കടന്ന് കേരളം. ഇന്നലെ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസാമിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് കീഴടക്കിയാണ് കേരളം അവസാന നാലിലെത്തിയത്. ആദ്യ പകുതിയിൽ എം.മനോജും മുഹമ്മദ് അജ്‌സലും നേടിയ ഗോളുകൾക്ക് മുന്നിലായിരുന്ന കേരളത്തിനായി രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ പകരക്കാരനായിറങ്ങിയ ദിൽഷാദ് അബൂബക്കറാണ് മൂന്നാം ഗോൾനേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ആക്രമണമാണ് കേരളം പുറത്തെടുത്തത്. അജ്‌സലും വിഘ്നേഷും അർജുനും റിയാസും ആസിഫും ചേർന്ന് ആതിഥേയരെ ഫസ്റ്റ് വിസിൽ മുതൽ പരീക്ഷിക്കാൻ തുടങ്ങി. ഇതിന്റെ ഫലം 17-ാം മിനിട്ടിൽ തന്നെ ലഭിച്ചു. ഒരു കോർണർ കിക്കിൽ നിന്നാണ് കേരളത്തിന്റെ ആദ്യ ഗോൾ പിറന്നത്. അർജുൻ തൊടുത്ത കോർണർ കിക്കിനെ ഫസ്റ്റ് പോസ്റ്റിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ക്യാപ്ടൻ മനോജിന് വലയിലേക്ക് വെറുതേ തട്ടിയിടേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ.

തുടർന്ന് അസാം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സെറ്റ്പീസുകളിലൂടെ സ്കോർ ഉയർത്താനാണ് കേരളം ശ്രമിച്ചത്. 42-ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു ഫ്രീകിക്ക് അസാം ഗോളി വിരൽകൊണ്ട് കുത്തിയകറ്റിയതിന് പിന്നാലെയാണ് സുന്ദരമായ ഒരു മുന്നേറ്റത്തിലൂടെ അടുത്ത ഗോൾ നേടിയത്. ഇടതുവിംഗിൽ ഡിഫൻഡർമാരെ വെട്ടിച്ച് പന്തുമായി ഓടിക്കയറിയ സന്ദീപ് നൽകിയ ക്രോസാണ് അജ്സൽ ഗോളാക്കിയത്. ടൂർണമെന്റിലെ അജ്‌സലിന്റെ നാലാംഗോളായിരുന്നു ഇത്. രണ്ടാം പകുതിയിലും കേരളത്തിന് വെല്ലുവിളി ഉയർത്താൻ അസാമിന് കഴിഞ്ഞില്ല. സ്കോർ ബോർഡ് ഉയർത്താനുള്ള കേരളത്തിന്റെ ശ്രമങ്ങൾ പക്ഷേ ലക്ഷ്യത്തിലെത്താൻ അവസാനസമയംവരെ കാത്തിരിക്കേണ്ടിവന്നു. മത്സരത്തിലെ ഏറ്റവും മികച്ച ഗോളായിരുന്നു ദിൽഷാദിന്റേത്. ഇൻജുറി ടൈമിന്റെ തുടക്കത്തിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ലഭിച്ച പന്തുമായി ഇടതുവിംഗിലൂടെ ഓ‌ടിക്കയറിയ സജീഷ് നൽകിയ പാസ് കട്ട് ബാക്ക് ചെയ്താണ് ദിൽഷാദ് വലയിലേക്ക് തൊടുത്തത്.

1-0

17-ാം മിനിട്ട്

എം.മനോജ്

അർജുൻ തൊടുത്ത കോർണർ കിക്ക് ഫസ്റ്റ് പോസ്റ്റിൽ നിന്ന് മനോജ് ഫ്ളിക്ക് ചെയ്ത് വലയിലേക്ക് തട്ടിയി

ടുന്നു.

2-0

44-ാം മിനിട്ട്

മുഹമ്മദ് അജ്സൽ

ഇടതുവിംഗിൽ നിന്ന് സന്ദീപിന്റെ ക്രോസ്. അജ്സലിന്റെ സൂപ്പർ ഫിനിഷ്.

3-0

പകരക്കാരുടെ ഗോൾ. ഇടതുവിംഗിൽ നിന്ന് സജീഷിന്റെ ക്രോസ്. ദിൽഷാദിന്റെ ഫിനിഷ്.

സെമിയിൽ എതിരാളി പഞ്ചാബ്

ഇന്നലെ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ പഞ്ചാബാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ. നിശ്ചിത സമയത്തും അധിക സമയത്തും പഞ്ചാബും തമിഴ്നാടും 1-1ന് സമനിലയിൽ പിരിഞ്ഞതിനാലാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ പഞ്ചാബ് നാലു കിക്കുകളും ഗോളാക്കിയപ്പോൾ തമിഴ്നാടിന് ഒരു കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞത്.

ഇക്കുറി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 3-1ന് തോൽപ്പിച്ചാണ് കേരളം തുടങ്ങിയത്. നാളെയാണ് സെമിഫൈനലുകൾ.