ശിഷ്യർ സീനിയർ സിറ്റിസൺസ്, ഷീബ ടീച്ചറുടെ സംഗീത കളരിയിൽ പ്രായം പ്രശ്നമല്ല

Wednesday 04 February 2026 12:53 AM IST
ഷീബ

കോഴിക്കോട്: വാർദ്ധക്യത്തിന്റെ വിരസതകളിൽ ഒറ്റപ്പെട്ടുപോയവരെ സംഗീതത്തിലൂടെ ഷീബ യൗവനത്തിലേക്ക് തിരിച്ചെത്തിക്കും. 60 വയസുകഴിഞ്ഞവർക്കായി വീട്ടിൽ സൗജന്യ സംഗീത ക്ലാസ് ഒരുക്കുകയാണ് ഈ 49കാരി. നരച്ച മുടി കോതിയൊതുക്കി, നിറചിരിയോടെ, യൗവനത്തിന്റെ ചുറുചുറുക്കോടെ അവർ വേദികളിൽ പാടും.

10 വർഷം മുമ്പ് 2016ലാണ് പുതിയറ നേതാജി റോ‌ഡിലെ ‘കലാശാല’വീട്ടിൽ സംഗീത പഠനക്ലാസ് ആരംഭിച്ചത്. 500ലധികം പേർ ഷീബ കലാശാലയുടെ സംഗീത കളരിയിൽ നിന്ന് സംഗീതം അഭ്യസിച്ചു. നിലവിൽ 146 പേരെ സംഗീതം പഠിപ്പിക്കുന്നു. 86 വയസുവരെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. 50 പേർ പഠനം തുടങ്ങിയ കാലംമുതൽ ക്സാസിലെത്തുന്നുണ്ട്. കേരളത്തിലുടനീളം നിരവധി വേദികളിൽ ഷീബ ശിഷ്യരെയെത്തിച്ചു. കഥകളി, നൃത്ത കലാകാരിയായ അമ്മ ഷീലയും മക്കളായ ലക്ഷ്മിയും ധന്വന്തും പൂർണപിന്തുണയുമായി ഒപ്പമുണ്ട്.

ആഴ്ചയിൽ ഒരുദിവസം ക്ലാസ്

ശനിയാഴ്ച രാവിലെ 11മുതൽ 1.30 വരെയാണ് ക്ലാസ്. നിലത്തിരുത്തിയാണ് പഠനം. ശാരീരിക ബുദ്ധിമുട്ടുള്ളവരെ കസേരയിലിരുത്തും. ശാസ്ത്രീയ സംഗീതത്തിനുപുറമേ, സിനിമാപാട്ടുകളും പഠിപ്പിക്കും. എന്നും നിറഞ്ഞ ക്ലാസിലാണ് പഠനം. ക്ലാസിനുശേഷം മിഠായിയും സമ്മാനങ്ങളും നൽകും. ദൂരെ സ്ഥലത്ത് നിന്നുപോലും വിദ്യാർത്ഥികളെത്തുന്നുണ്ട്. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പട്ടാളക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്ന് വിരമിച്ചവരാണ് ഷീബയുടെ ശിഷ്യർ. ശിഷ്യരുമൊത്തുള്ള യാത്രകളും സംഘടിപ്പിക്കാറുണ്ട്. ദേവഗിരി സി.എം.ഐ സ്കൂളിൽ സംഗീത അദ്ധ്യാപികയായിരുന്നു.

 പ്രായമായവരിലെ ഒറ്റപ്പെടൽ ഇല്ലാതാക്കാനും അവരുടെ ജീവിതം ആസ്വാദ്യകരമാക്കാനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇതിനുപിന്നിൽ. അവരുടെ സന്തോഷമാണ് ഞാൻ ആഗ്രഹിക്കുന്നത്. പലരുടേയും ശാരീരിക അസുഖങ്ങൾ പോലും സംഗീതത്തിലൂടെ മാറി.

- ഷീബ കലാശാല