ടോപ് ടെന്നിലെ അമ്മമാരായി ബെലിൻഡയും എലിനയും
Wednesday 04 February 2026 1:54 AM IST
ന്യൂയോർക്ക് : പ്രൊഫഷണൽ വനിതാ ടെന്നിസ് താരങ്ങളുടെ അന്താരാഷ്ട്ര റാങ്കിംഗിൽ ആദ്യമായി ആദ്യ പത്തുസ്ഥാനത്തിനുള്ളിൽ ഒരേസമയം രണ്ട് അമ്മമാർ. സ്വിറ്റ്സർലാൻഡിന്റെ ബെലിൻഡ ബെൻസിച്ചും യുക്രെയ്ന്റെ എലിന സ്വിറ്റോളിനയുമാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി റാങ്ക് പട്ടികയിലും മികവ് കാട്ടിയത്. ബെലിൻഡ ഒൻപതാം റാങ്കിലും എലിന പത്താം റാങ്കിലുമാണ്.
എലിന ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ വരെയെത്തിയിരുന്നു. ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ൽ മോൺഫിൽസിന്റെ ഭാര്യയാണ് എലിന. 2021ലാണ് ഇവർ വിവാഹിതരായത്. അടുത്തവർഷമാണ് മകൾ സ്കായ് പിറന്നത്.
അര്യാന സബലേങ്കയാണ് ഒന്നാം റാങ്കിൽ. ഇഗ ഷ്വാംടെക്ക് രണ്ടാ റാങ്കിൽ. ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് എലിന റൈബാക്കിന രണ്ട് പടവുയർന്ന് മൂന്നാം റാങ്കിലെത്തി.