പാകിസ്ഥാന് ഐ.സി.സിയുടെ മുന്നറിയിപ്പ്, ഇന്ത്യയുമായി ലോകകപ്പിൽ കളിച്ചില്ലെങ്കിൽ നിയമപരമായും സാമ്പത്തികമായും നേരിടും
ദുബായ് : ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയ്ക്ക് എതിരെ കളിച്ചില്ലെങ്കിൽ നിയമനടപടികൾ മാത്രമല്ല സാമ്പത്തിക ഉപരോധം ഉൾപ്പടെയുള്ള നടപടികളും നേരിടേണ്ടിവരുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. പാകിസ്ഥാൻ പിന്മാറുന്നതുമൂലം മത്സരത്തിന്റെ സംപ്രേഷണാവകാശം നേടിയിട്ടുള്ള ചാനലിനുണ്ടാകുന്ന നഷ്ടം നികത്താൻ ഐ.സി.സി പാകിസ്ഥാന് വാർഷിക വരുമാനവിഹിതം ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 35 ദശലക്ഷം ഡോളറോളമാണ് ഐ.സി.സി പ്രതിവർഷം വരുമാനവിഹിതമായി പാകിസ്ഥാന് നൽകുന്നത്.
ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഏകദേശം 500 ദശലക്ഷം ഡോളറിന്റേതാണ്. ഏകദേശം 4500 കോടി ഇന്ത്യൻ രൂപ.. സംപ്രേഷണ അവകാശങ്ങൾ, പരസ്യ വരുമാനം, സ്‌പോൺസർഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമപരമായ വാതുവെപ്പ് എന്നിവയെല്ലാം ചേർത്താണ് ഈ തുക.
ഇന്ത്യ-പാക് മത്സരങ്ങൾക്കിടയിലെ 10 സെക്കൻഡ് പരസ്യത്തിന് മാത്രം 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ബ്രോഡ്കാസ്റ്റർമാർ ഈടാക്കുന്നത്. അതിനാൽ മത്സരം നടന്നില്ലെങ്കിൽ അത് ടൂർണമെന്റിന്റെ മുഴുവൻ സാമ്പത്തിക ഘടനയേയും ബാധിക്കും.
ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കിൽ പരസ്യ വരുമാനത്തിൽ മാത്രം 300 കോടിക്കടുത്ത് നഷ്ടം വരുമെന്നാണ് വിലയിരുത്തൽ. ലോകകപ്പിലെ ഓരോ മത്സരത്തിന്റെയും മൂല്യം ഏകദേശം 138.7 കോടി രൂപയാണ്. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഇതിന്റെ ഇരട്ടിയിലധികമാണ്.
മത്സരം നടന്നില്ലെങ്കിൽ ബിസിസിഐക്കും പിസിബിക്കും 200 കോടിയോളം രൂപയാണ് നഷ്ടം വരിക. ഐസിസിയുടെ മൊത്തം വരുമാനത്തിന്റെ 5.75 ശതമാനം അതായത് പ്രതിവർഷം ഏകദേശം 34.51 ദശലക്ഷം യുഎസ് ഡോളർ പിസിബിക്ക് ലഭിക്കും. മത്സരം ബഹിഷ്‌കരിച്ചാൽ പിസിബിക്ക് നൽകുന്ന ഈ തുക ഐസിസിക്ക് തടഞ്ഞുവെയ്ക്കാം. സ്വന്തം ഇഷ്ടപ്രകാരം മത്സരം ഉപേക്ഷിക്കുന്നതിനാൽ ഇതിന് ഇൻഷുറൻസ് പരിരക്ഷയോ നിയമപരമായ സംരക്ഷണമോ പാകിസ്താന് ലഭിക്കില്ല. ഐസിസിയുമായുള്ള പങ്കാളിത്ത കരാർ ലംഘിച്ചാൽ പാകിസ്താന് ലഭിക്കേണ്ട ടൂർണമെന്റിന്റെ പ്രതിഫലം തടഞ്ഞുവെയ്ക്കാനും ഐസിസിക്ക് സാധിക്കും. മാത്രമല്ല പിഴവും വിലക്ക് അടക്കമുള്ള നടപടികളിലേക്ക് കടക്കാനും ഐസിസിക്കാകും.