അങ്കണവാടിക്ക് ഭൂമി നൽകി മാതൃകയായി ജോർജുകുട്ടി

Wednesday 04 February 2026 12:28 AM IST
വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ കാവുങ്കൽ പ്രദേശത്ത് ഏഴിന് പദ്ധതിക്കായി നൽകിയ ഭൂമിയുടെ ധാരണ പത്രം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറുന്നു.

കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ സദാനന്ദപുരം ഈസ്റ്റ് വാർഡിന്റെ വികസനത്തിനായി ആറ് സെന്റ് ഭൂമിയും കെട്ടിടങ്ങളും വിട്ടുനൽകി സ്വകാര്യ വ്യക്തി മാതൃകയായി. വാർഡിലെ കാവുങ്കൽ ഭാഗത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി പ്രദേശവാസിയായ ഭാവന എനർജി ഇൻഫ്രാ സ്ട്രക്ചർ ഉടമ ജോർജുകുട്ടിയെ സമീപിച്ചതോടെയാണ് ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കമായത്.

മൂന്ന് സെന്റ് ഭൂമി ആവശ്യപ്പെട്ട സ്ഥാനത്ത് വെട്ടിക്കവല ഭാവന ഭവനിൽ എൽ. ജോർജുകുട്ടി ആറ് സെന്റ് ഭൂമി നൽകാൻ തയ്യാറാവുകയായിരുന്നു. ഭൂമിക്ക് പുറമെ അങ്കണവാടി, പകൽവീട്, ആരോഗ്യ ഉപകേന്ദ്രം, ട്യൂഷൻ സെന്റർ, ലൈബ്രറി, പി.എസ്.സി കോച്ചിംഗ് സെന്റർ എന്നിവ പ്രവർത്തിക്കാനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകാനും അദ്ദേഹം സന്നദ്ധത അറിയിച്ചു. ഭൂമിയുടെ രേഖകളും ധാരണാപത്രവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോൻ, വാർഡ് മെമ്പർ ലൗസി സജീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിനോടനുബന്ധിച്ച് ജനപ്രതിനിധികളെ ആദരിക്കുകയും കിടപ്പുരോഗികൾക്ക് മരുന്നും മാരക രോഗബാധിതർക്ക് ചികിത്സാ സഹായധനവും വിതരണം ചെയ്തു. നിർദ്ധനരായവർക്ക് ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗം സൂസൻ തങ്കച്ചൻ, കലയപുരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് തുടങ്ങിയവർ സംസാരിച്ചു.