യു.കെയിൽ ഇന്നൊവേറ്റർ ഒഫ് ദി ഇയർ പുരസ്‌കാരം മലയാളി സംരംഭകർക്ക്

Wednesday 04 February 2026 1:51 AM IST

തിരുവനന്തപുരം: ലോക രാജ്യങ്ങളിൽ നിന്നുള്ള നൂതന സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് യു.കെ സർക്കാർ നൽകുന്ന ഇന്നൊവേറ്റർ ഒഫ് ദി ഇയർ പുരസ്‌കാരം മലയാളികളായ ഹെർമർച്ചീസ് ബാലനും സിറിൾ റോയിയ്ക്കും. യു.കെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസ പ്രോഗ്രാമിന് കീഴിലുള്ള എൻഡോഴ്സ്‌മെന്റ് ബോഡിയായ എൻവെസ്റ്റേഴ്സ് ലിമിറ്റഡിൽ നിന്നുള്ള പുരസ്‌കാരമാണിത്. യു.കെയിലെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന സംരംഭമാണ് ഇവർ വികസിപ്പിച്ചത്.

യു.കെ ഗവൺമെന്റിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസയിലൂടെ ഇംഗ്ലണ്ടിൽ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കുന്നവർക്ക് നൽകുന്ന പുരസ്‌കാരമാണിത്. യു.കെയിലെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അനുഗുണമായ സംരംഭം വികസിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി മെന്റർ മെർലിൻ യു.കെ ലിമിറ്റഡ് എന്ന ആരോഗ്യ സേവന പരിശീലന കമ്പനി സ്ഥാപിച്ചു. ഇതിലൂടെ ഒപോർട്ടൽ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചു. എ.ഐ അധിഷ്ഠിത ട്രാക്കിംഗ്,പരിശീലന പുരോഗതി,പ്രകടന വിശകലനം,കംപ്ലയൻസ് മോണിറ്ററിംഗ്,ഓൺബോർഡിംഗ് പിന്തുണ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. നഴ്സസ് റിക്രൂട്ട്‌മെന്റിന്റെ കാലതാമസം കുറയ്ക്കുക,ഗുണനിലവാരം ഉറപ്പാക്കുക,എൻ.എച്ച്.എസ് തൊഴിലിനായി നഴ്സുമാരെ ബന്ധപ്പെടുത്തുക,പരിശീലനം നൽകുക,യു.കെയിൽ നഴ്സായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലന പ്ലേസ്‌മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പ്ലാറ്റ്‌ഫോം.

പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750ലധികം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് മലയാളി സംരംഭകർ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹെർമർച്ചീസ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയും സിറിൾ കോട്ടയം കൈപ്പുഴ സ്വദേശിയുമാണ്.