മത്സ്യസമ്പത്ത് വർദ്ധന 29.76 കോടിയുടെ കൃത്രിമ പാര്

Wednesday 04 February 2026 2:01 AM IST

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും കടൽ വിഭവങ്ങൾ വർദ്ധിപ്പിക്കുന്നതിനും 'കൃത്രിമ പാര്' നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ 96 മത്സ്യഗ്രാമങ്ങളിൽ നടപ്പാക്കും. ഇതിനായി 29.76 കോടിയുടെ പദ്ധതി രൂപരേഖ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിച്ചു. 60 ശതമാനം തുക (17.856 കോടി ) കേന്ദ്ര വിഹിതവും 40 ശതമാനം തുക (11.904 കോടി ) സംസ്ഥാന വിഹിതവുമാണ്.

2022-23 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചിരുന്നു. 2025-ൽ ആറ് ജില്ലകളിലെ 9 മത്സ്യഗ്രാമങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കി. കൃത്രിമ പാരുകൾ നിക്ഷേപിച്ചയിടങ്ങളിൽ മത്സ്യസമ്പത്തിൽ വലിയ വർദ്ധനവുണ്ടായതായി പഠനങ്ങൾ തെളിയിക്കുന്നു. പദ്ധതി പൂർത്തിയാക്കി ഒരു വർഷത്തിന് ശേഷം നടത്തിയ 'അണ്ടർ വാട്ടർ സ്റ്റഡി'യിലും മത്സ്യലഭ്യത വർദ്ധിച്ചതായി കണ്ടെത്തി.

ചൂര, പാര, വേളാവ്, അയല, കണവ, കൂന്തൽ തുടങ്ങിയ മത്സ്യങ്ങൾ പ്രദേശങ്ങളിൽ വൻതോതിൽ വർദ്ധിച്ചു. പ്രധാനമായും റെഡ് സ്നാപ്പർ, എമ്പറർ ഫിഷ്, ഏഞ്ചൽ ഫിഷ്, ബ്ലാക്ക് പോംഫ്രെറ്റ്, നിഗർ ട്രിഗർ ഫിഷ്, ഹാമൂർ ഫിഷ്, ട്രെവാലി തുടങ്ങിയ വില പിടിപ്പുള്ള മത്സ്യയിനങ്ങളെയാണ് കണ്ടെത്തിയത്.

കൃത്രിമ ആവാസ

വ്യവസ്ഥ

ത്രിമാന പൈപ്പ്, പൂവ് ആകൃതിയിലുള്ള കോൺക്രീറ്റ് നിർമ്മിതികളാണ് കൃത്രിമ പാരുകൾ. കടലിൽ നിക്ഷേപിക്കുന്ന കൃത്രിമ റീഫുകളോടനുബന്ധിച്ച് മത്സ്യ ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്ന നിലയ്ക്കാണ് പദ്ധതി. തമിഴ്‌നാട്ടിൽ പരീക്ഷിച്ചു വിജയിച്ച രൂപഘടനകളനുസരിച്ചാണ് നൂതന റീഫ് മാതൃകകൾ നിർമ്മിക്കുന്നത്.