തൊഴിലുറപ്പ് പദ്ധതി: തൊഴിൽ ദിനങ്ങൾ നിശ്ചയിക്കേണ്ടത് കേന്ദ്രമെന്ന് മന്ത്രി
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം എത്ര തൊഴിൽദിനങ്ങളുണ്ടെന്നത് നിശ്ചയിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി എം.ബി.രാജേഷ്. പുതിയ നിയമ പ്രകാരം സംസ്ഥാന സർക്കാരിന് എത്രമാത്രം ബാദ്ധ്യതയുണ്ടാക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം ചോദ്യോത്തരവേളയിൽ പറഞ്ഞു.
ഒരു വർഷം 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നിടത്ത് ഇപ്പോൾ 5 കോടി തൊഴിൽദിനങ്ങളായി കുറഞ്ഞെന്ന് മന്ത്രി വി.ശിവൻകുട്ടി രേഖാമൂലം നിയമസഭയെ അറിയിച്ചു. പുതുക്കിയ വ്യവസ്ഥയനുസരിച്ച് 60 ശതമാനം തുകയേ കേന്ദ്രം നൽകുകയുള്ളൂ. ബാക്കി 40 ശതമാനം സംസ്ഥാനങ്ങൾ കണ്ടെത്തേണ്ടിവരും. കേന്ദ്രം നിശ്ചയിക്കുന്നതിന് അധികമായി തൊഴിൽദിനങ്ങൾ സംസ്ഥാനങ്ങൾ നിശ്ചയിച്ചാൽ അതിന്റെ ബാദ്ധ്യതയും സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. 10 കോടി തൊഴിൽദിനങ്ങളാണ് കേന്ദ്രം നിശ്ചയിക്കുന്നതെങ്കിൽ സംസ്ഥാനത്തിന് 2806 കോടി അധിക ബാദ്ധ്യതയുണ്ടാകും. ഒരാൾക്ക് കുറഞ്ഞത് 125 തൊഴിൽദിനങ്ങൾ ഉറപ്പാക്കണമെങ്കിൽ സംസ്ഥാനത്ത് മൊത്തം 12 കോടി തൊഴിൽദിനങ്ങളുണ്ടാകും. ഇതിനായി 3544 കോടി കണ്ടെത്തേണ്ടിവരുമെന്നും മന്ത്രി വിശദമാക്കി.