സിനിമ വിലക്കണമെന്ന ഹർജിയിൽ നോട്ടീസ്

Wednesday 04 February 2026 2:18 AM IST

കൊച്ചി: 'കാലം പറഞ്ഞ കഥ" സിനിമയുടെ റിലീസ് വിലക്കണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹിം നൽകിയ ഹർജിയിൽ സെൻസർ ബോർഡിനടക്കം നോട്ടീസ് അയയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കഥയ്‌ക്ക് സംഭവവുമായി എന്തെങ്കിലും സാമ്യം ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി, ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് നോട്ടീസിന് നിർദ്ദേശിച്ചത്. സിനിമ എങ്ങനെയാണ് കേസിന്റെ വിചാരണയെ ബാധിക്കുന്നതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ചോദിച്ചു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിന്റെ അടിസ്ഥാനത്തിലുളളതാണ് സിനിമയെന്നും ഇത് റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്.